കുണ്ടറയില്‍ ജ്വല്ലറി മോഷണക്കേസില്‍ അറസ്റ്റിലായ മനോജ് നിരവധി കേസുകളില്‍ പ്രതി

By Web DekFirst Published Aug 3, 2016, 2:36 AM IST
Highlights

കൊല്ലം കുണ്ടറയില്‍ ജ്വല്ലറി മോഷണകേസില്‍ അറസ്റ്റിലായ മനോജ് നിരവധി കവര്‍ച്ച കേസുകളില്‍ പ്രതി. ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് സമാന മോഷണങ്ങള്‍ നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുരുകന്‍ എന്ന് വിളിക്കുന്ന മനോജിനെ കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കുണ്ടറയിലെ ഷാരോസ് ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കയറിശേഷം മാലയുമായി മനോജ് രക്ഷപ്പെട്ടത്. മാല കഴുത്തിലിട്ട ശേഷം സ്കൂട്ടറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിന്റെ പിറകില്‍ പിടിച്ച ജ്വല്ലറി ജീവനക്കാരിയെ റോഡിലൂടെ വലിച്ചിഴയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പെടെ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങളുടെ സഹായത്താല്‍ സമാന മോഷണം നടത്തിയവരെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കോട്ടയം മുണ്ടക്കയം സ്വദേശിയായ പ്രതി മനോജിനെ കരുനാഗപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. 50ലധികം മോഷണക്കേസുകളില്‍ പ്രതിയായ മനോജ് സമാന രീതിയിലുള്ള ജ്വല്ലറി മോഷണം മുന്‍പും നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മുണ്ടക്കയം, കറുകച്ചാല്‍, എരുമേലി എന്നിവിടങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആറു വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.. തെളിയാതെ കിടക്കുന്ന നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

click me!