
തിരുവല്ല: പൊലീസിനെ വട്ടം ചുറ്റിച്ച ബൈക്ക് മോഷ്ടാവ് തിരുവല്ലിൽ പിടിയിലായി. തിരുവല്ല തുകലശ്ശേരി സ്വദേശിയായ അഖിൽ സാബു ആണ് അറസ്റ്റിലായത്. അഖിൽ മോഷ്ടിച്ച പത്ത് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. പൊലീസിന് പിടികൊടുക്കാതെ തന്ത്രപരമായി മോഷണം നടത്തിയിരുന്ന അഖിൽ സാബുവിനെ , ഷാഡോ പൊലീസിന്റേയും നാട്ടുകാരുടേയും സഹായത്തോടെയാണ് പൊലീസ് വലയിലാക്കിയത്.
ഒരിടത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച ശേഷം , ആ ബൈക്കിൽ യാത്ര ചെയ്ത് അടുത്ത് സ്ഥലത്തെത്തി മോഷ്ടിച്ച ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അടുത്ത ബൈക്ക് മോഷ്ടിച്ച് കടന്നു കളയുന്നതാണ് അഖിലിന്റെ രീതി. ചിലത് വിൽക്കും. ഇഷ്ടപ്പെടുന്ന ബൈക്കുകൾ സൂക്ഷിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായി മോഷ്ടിച്ച ശേഷം ഉപേക്ഷിച്ച 65 ഓളം ബൈക്കുകൾ പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വ്യാപക അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അഖിലിനെതിരെ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബൈക്ക് മോഷണത്തിന് പുറമേ, ആൾതാമസമില്ലാത്ത വീടുകളിൽ നിന്നും സ്വർണ്ണവും പണവും മൊബൈലും മോഷ്ടിച്ച കേസുകളിലും അഖിൽ നേരത്തെ പ്രതിയായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടരന്വേഷണങ്ങൾക്കായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam