
ജീവത്യാഗം ചെയ്ത സൈനികരും പൊലീസുകാരും ജനമനസുകളിൽ മരണമില്ലാത്തവരാണ്. അത്തരം ഒരു പൊലീസുകാരന്റെ വീര കഥ കൂടി പുറത്തുവരുന്നു. വൊടിയൊച്ചകൾ നിലക്കാത്ത അഫ്ഗാനിസ്ഥാനിന്റെ മണ്ണിൽ നിന്നാണ് അനേകരുടെ ജീവൻ കാത്ത് ആ പൊലീസുകാരൻ മരണ ദൂതുമായി എത്തിയ മനുഷ്യ ബോംബിനെ വാരിപ്പുണർന്നത്. പൊട്ടിത്തെറിയിൽ ചിതറിത്തെറിച്ച ലഫ്റ്റനൻറ് സയിദ് ബസാം പച്ച എന്ന പൊലീസുകാരൻ അങ്ങനെ അഫ്ഗാൻ ജനതയുടെ മനസിൽ ജ്വലിക്കുന്ന കനലായി മാറി.
സയിദ് ബസാം പച്ച മറ്റ് പൊലീസുകാർക്കൊപ്പം പൊതുപരിപാടി നടക്കുന്ന ഹാളിന്റെ സുരക്ഷാ ഡ്യൂട്ടിയിൽ വ്യാപൃതനായിരുന്നു. ഒട്ടേറെ പൊതുജനങ്ങളും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന പരിപാടിക്ക് നേരെ ആക്രമണ ഭീതി നിലനിന്നിരുന്നു. സുരക്ഷാ ഗേറ്റിൽ സംശയാസ്പദമായി എത്തിയ ആളെ ബസാം പച്ച തടഞ്ഞു. തടഞ്ഞതോടെ ഒാടാൻ തുടങ്ങിയ ആൾക്ക് നേരെ ആക്രോശിച്ചുകൊണ്ട് പച്ച ഒാടിയടുത്തു. ഹാളിലേക്ക് ഒാടാൻ ശ്രമിച്ച മനുഷ്യ ബോംബിനെ പച്ച ബലമായി കെട്ടിപ്പിടിച്ചു തടഞ്ഞുനിർത്തി.
കോട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തു ഉപയോഗിച്ച് അയാൾ സ്വയം പൊട്ടിത്തെറിച്ചു. പച്ച ഉൾപ്പെടെ ഏഴ് പൊലീസുകാരും ആറ് സാധാരണക്കാരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഏഴ് പൊലീസുകാർ ഉൾപ്പെടെ 18 പേർക്ക് പരിക്കേറ്റു. ചെറിയ സംശയം മാത്രമായിരുന്നു മനുഷ്യബോംബിനെക്കുറിച്ച് ഉയർന്നിരുന്നതെന്ന് പൊലീസ് വക്താവ് ബാസിർ മുജാഹിദ് പറയുന്നു. പക്ഷെ പച്ച വീര പുരുഷനാണ്. മരിച്ച മറ്റ് പൊലീസുകാരും വീരരാണെങ്കിലും അതിൽ പച്ച പ്രത്യേകിച്ചും വീരനാണ്.
മനുഷ്യബോംബായി മാറിയ ആൾ എല്ലാം മറികടന്ന് മുന്നോട്ടുപോയിരുന്നെങ്കിൽ എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലുമാകുന്നില്ലെന്നും മുജാഹദ് പറയുന്നു. മനുഷ്യബോംബ് ഗേറ്റിൽ എത്തുന്നത് വരെ പച്ച ഹാളിനകത്ത് അതിഥികളോടൊപ്പമായിരുന്നു. അത് കഴിഞ്ഞ് സുരക്ഷ ഗേറ്റിൽ എത്തിയപ്പോഴാണ് ആക്രമണകാരി എത്തുന്നത്. സംശയത്തോടെ കണ്ട പച്ച അവനെ കെട്ടിപ്പിടിക്കുകയായിരുന്നു. പച്ചയുടെ ധീരതക്ക് മുന്നിൽ അഫ്ഗാൻ ജനത അഭിവാദ്യമർപ്പിക്കുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ പങ്കില്ലെന്ന് താലിബാൻ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam