മൂന്ന് കൊല്ലത്തില്‍ യുവതി തട്ടിയത് 16 കോടി

By Web DeskFirst Published Aug 28, 2016, 4:23 AM IST
Highlights

മുംബൈ: 18,000 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്തിരുന്ന യുവതി മൂന്ന് വര്‍ഷം കൊണ്ട് സമ്പാദിച്ചത് 16 കോടി രൂപ. ഇന്‍കം ടാക്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തപ്പോള്‍ അവര്‍പോലും ഞെട്ടിക്കുന്നതാണ് വൃഷാലി എന്ന യുവതിയുടെ സമ്പാദ്യം. പല ഹിന്ദിമാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുകയാണ് ഈ യുവതി. 

മുംബൈയിലെ മഹാലക്ഷമി റോപ് വര്‍ക്ക് കമ്പനിയില്‍ 7 വര്‍ഷമായി അക്കൗണ്ട് അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന യുവതിയാണ് ഇവര്‍. പ്ലസ് ടു വിദ്യാഭ്യാസമുള്ള യുവതി മൂന്ന് വര്‍ഷം കൊണ്ട് സമ്പാദിച്ചത് 16.32 കോടി രൂപ. ജോലിചെയ്യുന്ന കമ്പനിയിലെ ജീവനക്കാരില്‍ നിന്നും തട്ടിയെടുത്ത പണം ആയിരിക്കും ഇതെന്നാണ് പ്രഥമിക നിഗമനം. 

ജീവനക്കാരുടെ വിശ്വാസം നേടിയെടുത്ത് മാസത്തില്‍ ഒരു നിശ്ചിത തുക സമ്പാദ്യം എന്ന പേരില്‍ തട്ടിയെടുക്കുകയായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരില്‍ നിന്നുമാണ് കോടികള്‍ തട്ടിയെടുത്തതെന്നും കമ്പനി അധികൃതര്‍ ഇത് അറിഞ്ഞിരുന്നിലെന്നും പറയുന്നു. സ്വന്തം അക്കൗണ്ടിലോ വീട്ടിലോ ആയിരുന്നില്ല ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ടിലാണ് ഈ പണം സൂക്ഷിച്ചിരുന്നത്. 

സത്താറ ജില്ലയില്‍ ഇവര്‍ പണിത ബംഗ്ലാവിന് 5 കോടിയാണ് വിലമതിക്കുന്നത്. സ്വന്തമായി മൂന്ന് ഫ്‌ളാറ്റുകളും, ബന്ധുക്കള്‍ക്ക് ഫ്‌ളാറ്റുകളും സുഹൃത്തുകള്‍ക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറുകളും ബൈക്കുകളും ഇവര്‍ സമ്മാനമായി നല്‍കിയിരുന്നു. വാങ്ങിയ എല്ലാ വാഹനങ്ങളുടെയും നമ്പര്‍ 3777. ഇത് തന്‍റെ ഭാഗ്യ നമ്പറെന്നും യുവതി പറയുന്നു.

രഹസ്യമായി കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് യുവതിയുടെ വീട്ടല്‍ റെയ്ഡ് നടത്തിയത്. ലക്ഷങ്ങളുടെ സ്വര്‍ണവും വെള്ളിയും 18 ലക്ഷം രൂപയുമാണ് വീട്ടില്‍ നിന്നും കണ്ടെത്തിയത്.

click me!