27 വര്‍ഷം, ഏറെ പരിഹാസം; എങ്കിലും ഒടുവില്‍ അയാള്‍ ഒരു നാടിന്‍റെ ഹീറോയായി

By Web DeskFirst Published Aug 28, 2017, 5:51 PM IST
Highlights

ആധുനിക ലോകത്തെ ഭഗീരധനെ കണ്ടിട്ടുണ്ടോ, ഗംഗയെ ഭൂമിയില്‍ എത്തിച്ച പുരാണ കഥാപാത്രമാണ് ഭഗീരധന്‍. ഇതാ വെള്ളമില്ലാത്ത ഒരു ഗ്രാമത്തിന് 27 കൊല്ലം അദ്ധ്വാനിച്ച് വെള്ളമെത്തിച്ച് ഒരു വ്യക്തി.  ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലെ സജ പഹാഡ് ഗ്രാമം വെള്ളത്തിന്‍റെ ദൗര്‍ലഭ്യം അഭിമുഖീകരിക്കുകയായിരുന്നു. 

മൃഗങ്ങള്‍ക്കോ, ജന്തുജാലങ്ങള്‍ക്കും കൊടുക്കാനും വെള്ളമില്ല. എന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. സര്‍ക്കാരും ഒന്നും ഇവര്‍ക്ക് ചെയ്ത് കൊടുത്തില്ല. തുടര്‍ന്ന് ഗ്രാമത്തിലെ അന്തേവാസിയായ 15കാരന്‍ ശ്യാം ലാല്‍ ഒരു തീരുമാനം എടുത്തു. ഒരു കുളം കുത്തുക. ശ്യാമിന്റെ ഈ തീരുമാനത്തിന് ഗ്രാമത്തിലുള്ള ജനങ്ങള്‍ പുച്ഛിക്കുകയും കളിയാക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ദളിതനായ ഈ കൗമാരക്കാരന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. 

തുടര്‍ന്ന് കാട്ടില്‍ ഒരു പ്രത്യേക സ്ഥലം കണ്ടെത്തി ശ്യാം കുളം കുഴിക്കാനും തുടങ്ങി. 27 വര്‍ഷത്തെ പോരാട്ടത്തിനു ശേഷം ശ്യാം ലാല്‍ തന്‍റെ സ്വപ്നം പൂര്‍ത്തിയാക്കി. സംഭവം പുറത്തറിഞ്ഞതോടെ ശ്യാമിന് പ്രോത്സാഹനവുമായി അധികാരികളും എത്തി. സ്ഥലം എം.എല്‍.എ ശ്യാം ബിഹാരി ജിസ്വാല്‍ അദ്ദേഹത്തിന് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ശ്യാമിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ജില്ലാ അധികാരികളും വ്യക്തമാക്കി.

നാട്ടുകാരോ സര്‍ക്കാരോ ആരും തന്നേ സഹായിച്ചില്ലെന്ന് ശ്യാം ലാല്‍ പറയുന്നു. എന്നാല്‍ ആരെയും കുറ്റപ്പെടുത്താന്‍ 42 കാരനായ ശ്യാം തയ്യാറല്ല. നാട്ടുകാര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും വേണ്ടിയായിരുന്നു തന്റെ പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു. കുളം പൂര്‍ത്തിയായതോടെ ഗ്രാമത്തില്‍ നായകനായിരിക്കുകയാണ് ശ്യാം. 

കുളം എല്ലാവരും ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ശ്യാമിനോട് നന്ദി പറയുന്നെന്നും നാട്ടുകാരനായ രാംസരന്‍ പറഞ്ഞു. ഇദ്ദേഹത്തിന് 70 വയസ്സുണ്ട്. ശ്യാം 15വയസ്സു മുതല്‍ കുളം കുത്തുന്നത് താന്‍ കാണുന്നുണ്ടെന്നും അദ്ദേഹം നന്ദിയോടെ ഓര്‍മ്മിച്ചു.

click me!