അമേരിക്ക ഗ്രീൻലാൻഡിനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അറ്റ്ലാന്റിക് കടന്നുള്ള പ്രതിരോധ സഖ്യത്തിന് അവസാനമുണ്ടാകുമെന്ന മുന്നറിയിപ്പ് ഡെൻമാർക്ക് അമേരിക്കയ്ക്ക് നൽകിയിട്ടുണ്ട്

വാഷിംഗ്ടൺ: റഷ്യയും ചൈനയും സ്വന്തമാക്കും മുൻപ് ഗ്രീൻലാൻഡിനെ അമേരിക്ക സ്വന്തമാക്കേണ്ടതുണ്ടെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉടമസ്ഥാവകാശം രാജ്യങ്ങൾ ഏതവസരത്തിലും സംരക്ഷിക്കും എന്നാൽ ലീസ് ഇത്തരത്തിൽ സംരക്ഷിക്കപ്പെടില്ലെന്നാണ് മാധ്യമ പ്രവർത്തകരോട് ബിബിസി വിശദമാക്കിയത്. എളുപ്പ വഴിയിലൂടെയോ അല്ലെങ്കിൽ കഠിനമായ മാ‍ർഗത്തിലൂടെയോ അത് ചെയ്യുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. അടുത്തിടെയാണ് നാറ്റോ അംഗരാജ്യമായ ഡെൻമാർക്കിന്റെ അർധസ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വാങ്ങുന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് വിശദമാക്കിയത്. എന്നാൽ ഗ്രീൻലാൻഡ് വിൽപനയ്ക്കില്ലെന്നാണ് ഡെൻമാ‍‍‍ർക്ക് വ്യക്തമാക്കിയിട്ടുള്ളത്. അമേരിക്ക ഗ്രീൻലാൻഡിനെതിരെ സൈനിക നടപടി സ്വീകരിച്ചാൽ അറ്റ്ലാന്റിക് കടന്നുള്ള പ്രതിരോധ സഖ്യത്തിന് അവസാനമുണ്ടാകുമെന്ന മുന്നറിയിപ്പ് ഡെൻമാർക്ക് അമേരിക്കയ്ക്ക് നൽകിയിട്ടുണ്ട്.

ജനസംഖ്യ ഏറ്റവും കുറവുള്ള പ്രദേശമായിട്ടും വടക്കേ അമേരിക്കയുടെയും ആർട്ടിക് മേഖലയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്നതിനാൽ ഗ്രീൻലാൻഡ് മിസൈൽ ആക്രമണങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പ് നൽകുന്നതിനും മേഖലയിലെ കപ്പലുകളുടെ നിരീക്ഷണത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് അമേരിക്ക കാണുന്നത്. ഇതിനാലാണ് ഗ്രീൻലാൻഡ് അമേരിക്കയുടെ ദേശീയ സുരക്ഷിയ്ക്ക് അത്യന്തം പ്രധാനമാണെന്ന് ട്രംപ് പലതവണ വിശദമാക്കിയതിന് പിന്നിൽ. എന്നാൽ പിടിച്ചെടുക്കലിന് കാരണമായി തെളിവുകളില്ലാതെ റഷ്യയും ചൈനയും ഗ്രീൻലാൻഡിനെ ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ട്രംപ് ഉന്നയിക്കുന്നത്.

ഗ്രീൻലാൻഡിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ പിറ്റുഫിക് ബേസിൽ ഇതിനോടകം തന്നെ അമേരിക്കയുടെ 100-ലധികം സൈനികർ സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലം മുതൽ യുഎസ് പ്രവർത്തിപ്പിച്ചു വരുന്ന ഒരു കേന്ദ്രമാണിത്. ഡെൻമാർക്കുമായി നിലവിലുള്ള കരാറുകൾ പ്രകാരം ആവശ്യമായ സൈനികരെ ഗ്രീൻലാൻഡിലേക്ക് എത്തിക്കാൻ അമേരിക്കയ്ക്ക് അധികാരമുണ്ട്. എന്നാൽ ലീസ് കര‍ാർ മതിയാവില്ലെന്നാണ് ട്രംപിന്റെ നിലപാട്. ചൈനയിലെ ജനങ്ങളോട് തനിക്ക് സ്നേഹമുണ്ട്. റഷ്യയിലെ ജനങ്ങളെയും താൻ സ്നേഹിക്കുന്നു, പക്ഷേ ഗ്രീൻലാൻഡിൽ അവർ അമേരിക്കയുടെ അയൽക്കാരാകുന്നതിനോട് തനിക്ക് താൽപര്യമില്ല അത് നടക്കില്ലെന്നാണ് ട്രംപ് വിശദമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം