
തിരുവനന്തപുരം: ഏറെ നാടകീയ നീക്കള്‍ക്കൊടുവില്‍ തോമസ് ചാണ്ടി മന്ത്രി പദവി രാജിവച്ചു. ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയതും വാഹന പാര്‍ക്കിനുമായി മാര്‍ത്താണ്ഡം കായല്‍ കൈയേറി നികത്തിയെന്നാണ് തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്നു വന്ന കാര്യം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി നെല്‍വയല്‍ നികത്തി കായല്‍ കൈയേറി എന്ന് വ്യക്തമാണ്. ഓഗസ്റ്റ് പതിനൊന്നിനാണ് ഏഷ്യാനെറ്റ് ന്യൂസ് തോമസ് ചാണ്ടി കായല്‍ കൈയേറിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നത്. ഇത്രയും നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ രാജി വച്ച തോമസ് ചാണ്ടി കേരള നിയമസഭയിലെ ഏറ്റവും വലിയ ധനികനാണ് എന്നാതാണ് ഏറെ ശ്രദ്ധേയമാകുന്നത്.
ആലപ്പുഴയില്‍ ചേന്നംകരയില്‍ കളത്തില്‍പ്പറമ്പില്‍ തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനാണ് തോമസ് ചാണ്ടി.1947 ഓഗസ്റ്റ് 29നാണ് തോമസ് ചാണ്ടിയുടെ ജനനം. കെഎസ്‌യുവില്‍ തുടങ്ങി പ്രവാസത്തിലൂടെ ഉയര്‍ന്നുവന്ന മുതലാളിയും രാഷ്ട്രീയക്കാരനുമാണ് തോമസ് ചാണ്ടി. ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിംഗ് ഡിപ്ലോമയാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. ചെന്നൈയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തോമസ് ചാണ്ടി പിന്നീട് പ്രവാസ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. പിന്നീട് സ്‌കൂളുകളും റിസോര്‍ട്ടുകളുമൊക്കെയായി ബിസനസ്സിലേക്ക് കാലെടുത്ത് വച്ചു.
പ്രവാസ ജീവിതത്തിനിടയില്‍ കെ.കരുണാകരന്റെ വിശ്വസ്തനായി മാറുകയായിരുന്നു. പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ മുഖത്ത് പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ കുവൈത്ത് ചാണ്ടി എന്ന പേര് തോമസ് ചാണ്ടിക്ക് ചാര്‍ത്തപ്പെട്ടു. എന്നാല്‍ കേരളത്തില്‍ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിക്കുന്ന കാലത്ത് അതിന്റെ പിന്നണിയിലും ഈ പേര് ഉണ്ടായിരുന്നു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു പോയി. തോമസ് ചാണ്ടി ഡിഐസിയില്‍ തന്നെ നിന്നു.
കേരളാ കോണ്‍ഗ്രസിന്റെ ഡോ. കെ സി ജോസഫിനെ തോല്‍പ്പിച്ചാണ് കുട്ടനാട്ടില്‍ തോമസ് ചാണ്ടി 2006 ല്‍ ജയിക്കുന്നത്. പിന്നീട് ഡിഐസി എന്‍സിപിയില്‍ ലയിച്ചപ്പോള്‍ അദ്ദേഹവും എന്‍സിപിയുടെ ഭാഗമായി. 2011ല്‍ എന്‍സിപി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ തോമസ് ചാണ്ടി വീണ്ടും കെ.സി ജോസഫിനെ തോല്‍പ്പിച്ചു. 2016ല്‍ മൂന്നാം തവണയും തോമസ് ചാണ്ടി തന്നെ ജയിച്ചു.
കേരളാ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ സമയത്ത് 92 കോടി ആസ്തി രൂപയാണ് തോമസ് ചാണ്ടി വെളിപ്പെടുത്തിയത്. ഇതേസമയം തോമസ് ചാണ്ടി തന്നെയാണ് കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ് വാങ്ങിയതെന്നും വിവരാവകാശ കമ്മീഷന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്‍സിപിയുടെ മന്ത്രി സ്ഥാനം എകെ ശശീന്ദ്രനായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ രാജിയെ തുടര്‍ന്ന് 2017 ഏപ്രില്‍ ഒന്നിനാണ് തോമസ് ചാണ്ടി മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്.
എംഎല്‍എ ഹോസ്റ്റലില്‍ ഒരിക്കല്‍ പോലും താമസിക്കാതെ ആഡംബര ഹോട്ടലുകളില്‍ താമസിച്ച്, വിലകൂടിയ കാറില്‍ ചുറ്റിക്കറങ്ങുന്ന ജനപ്രതിനിധിയാണ് തോമസ് ചാണ്ടിയെന്ന ആരോപണവും തോമസ് ചാണ്ടിക്കുണ്ട്. മണ്ഡലത്തില്‍ കാണാറില്ലാത്ത എംഎല്‍എ എന്ന ചീത്തപ്പേര് വേറെയു മുണ്ടായിരുന്നു. കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം കുട്ടനാടിന് ലഭിച്ച ആദ്യ മന്ത്രിയാണ് തോമസ് ചാണ്ടി. ആലപ്പുഴയ്ക്ക് ഈ മന്ത്രിസഭയില്‍ ഇതോടെ മൂന്നാമത്തെ മന്ത്രിയാകുകയും ചെയ്തു.
നല്ലൊരു ബിസിനസുകാരന്‍ എന്ന നിലയില്‍ പേരെടുത്ത വ്യക്തിയാണ് തോമസ് ചാണ്ടി. ഒരു രൂപ പോലും കടമെടുക്കാതെയാണ് തന്റെ ബിസിനസുകളെല്ലാം മുന്നോട്ട് പോകുന്നതെന്ന് ഇദ്ദേഹം നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജലവകുപ്പ് മോഹിച്ച തോമസ് ചാണ്ടിയ്ക്ക് ഗതാഗതമാണ് ലഭിച്ചത്. എന്നാല്‍ കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആര്‍ടിസിയെ അദ്ദേഹം ലാഭത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്വയം വളരാനല്ലാതെ ഗതാഗത വകുപ്പിനെ ഒരു വിധത്തിലും വളര്‍ത്താന്‍ അദ്ദേഹം തന്‍റെ അധികാരം ഉപയോഗിച്ചില്ലെന്ന് വ്യക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam