തോമസ് ചാണ്ടിയുടെ രാജി നാളെയുണ്ടായേക്കും

By Web DeskFirst Published Nov 14, 2017, 10:14 PM IST
Highlights

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി നാളെ ഉണ്ടായെക്കുമെന്ന് സൂചന. മന്ത്രിസഭാ യോഗത്തിനു മുമ്പ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രി പറഞ്ഞാല്‍ രാജി വെയ്ക്കുമെന്ന്  തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു.

ആരോപണങ്ങളുടെ പേരില്‍ തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാന്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ മാറി നില്‍ക്കും. അങ്ങനെ  മാറി നിന്നാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. നാളെ രാവിലെ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തും. നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തില്‍ വിശദീകരണവുമായി വൈകുന്നേരം മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തിയിരുന്നു.  കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്‍റെ പേരില്‍ രാജി വയ്ക്കില്ലെന്നും കോടതി വിധി എതിരെങ്കില്‍ മാത്രം രാജിയെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കോടതി ഉത്തരവ് കിട്ടിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും തോമസ് ചാണ്ടി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ചാണ്ടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം .

തോമസ് ചാണ്ടിയുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും, സീറോ ജെട്ടി റോഡ് എന്നിവയുടെ കാര്യത്തില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന ആലപ്പുഴ ജില്ല കളക്ടറുടെ റദ്ദാക്കണം എന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. എന്നാല്‍ ഒരു മന്ത്രിയെന്ന നിലയില്‍ ഹര്‍ജി ഭരണഘടനപരമായി നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.

നേരത്തെ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. കളക്ടറുടെ റിപ്പോർട്ട് തള്ളണമെന്ന ഹർജി പിൻവലിക്കുന്നില്ലെന്ന് മന്ത്രിയുടെ അഭിഭാഷകൻ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രി സ്ഥാനത്ത് തുടർന്നുകൊണ്ട് എങ്ങനെ സർക്കാരിനെതിരേ ഹർജി നൽകാൻ കഴിയുമെന്ന് കോടതി വീണ്ടും ചോദിച്ചു. സ്ഥാനം രാജിവച്ചാൽ കൂടുതൽ നിയമവശങ്ങൾ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹർജിയിൽ സർക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സർക്കാരിന്‍റെ ഭാഗമാണ്. പിന്നെങ്ങനെ ഹർജി നിലനിൽക്കുമെന്ന് ഡിവിഷൻ ബെഞ്ച് ആവർത്തിച്ച് ചോദിക്കുകയായിരുന്നു.

സർക്കാരും ചാണ്ടിയെ കൈയൊഴിഞ്ഞതോടെ ഹൈക്കോടതി കടുത്ത പരാമർശങ്ങളാണ് നടത്തിയത്. മന്ത്രിയുടെ ഹർജി അപക്വമായി പോയെന്ന സ്റ്റേറ്റ് അറ്റോർണിയുടെ വാക്കുകൾക്ക് പിന്നാലെ സർക്കാരിന് പോലും മന്ത്രിയെ വിശ്വാസമില്ലെന്ന പരാമർശം ഹൈക്കോടതി നടത്തി. ദന്തഗോപുരത്തിൽ നിന്നും ഇറങ്ങിവന്ന് അധികാരം ഒഴിഞ്ഞ് സാധാരണക്കാരനെ പോലെ നിയമ നടപടികളെ നേരിടൂ എന്നും ഹൈക്കോടതി പരാമർശം നടത്തി.

click me!