തോമസ് ചാണ്ടിക്ക് നിര്‍ണ്ണായക ദിനം; രാജി ഇന്നുണ്ടാകും ?

By Web DeskFirst Published Nov 14, 2017, 5:51 AM IST
Highlights

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം.  മന്ത്രി രാജിവച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദനും രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രനും തുറന്ന് പറഞ്ഞതിനിടെ എന്‍സിപി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തോമസ് ചാണ്ടി ജില്ലാ കളക്ടര്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയടക്കം മന്ത്രിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നാല് കേസുകളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. സിപിഎമ്മിന്‍റയും സിപിഐയുടെയും രണ്ട് പ്രമുഖ നേതാക്കള്‍ പരസ്യമായി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചാണ്ടിയുടെ കാര്യത്തിലുള്ള തീരുമാനം ഇനിയും മുഖ്യമന്ത്രിക്ക് നീട്ടിക്കൊണ്ടുപോകാനാവില്ല. 

മന്ത്രി തോമസ് ചാണ്ടിക്കെതിരായ നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണി നേതൃത്വം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് എൻസിപി രാജിക്കാര്യം അ‍‍‍ജണ്ടയിലില്ലെന്ന് പ്രഖ്യാപിച്ചത്. ഇന്ന് കൊച്ചിയില്‍ നടക്കുന്ന എന്‍സിപി യോഗം മന്ത്രി തോമസ് ചാണ്ടിയെയും ഇടതുമുന്നണിയെയും സംബന്ധിച്ച് ഏറെ നിര്‍ണ്ണായകമാണ്. രാജിയിപ്പോഴില്ലെന്ന് എന്‍സിപി നേതൃത്വം മുന്നണിയെ അറിയിച്ചാല്‍ മുഖ്യമന്ത്രി എന്ത് ചെയ്യുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജിയില്ലെന്ന് എന്‍സിപി നിലപാട് പരസ്യമാക്കിയതോടെ വിഎസ് അച്യുതാനന്ദന്‍ ആഞ്ഞടിച്ചു.രാജി വച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടിവരുമെന്നാണ് വിഎസ് പറഞ്ഞത്.

മുന്നണിയിലെ പ്രധാനപ്പെട്ട രണ്ട് പാര്‍ട്ടികളിലെ രണ്ട് പ്രധാന നേതാക്കള്‍ തോമസ് ചാണ്ടിയുടെ രാജിയാവശ്യം പരസ്യമായി പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിക്കും ഇനി തീരുമാനം നീട്ടാനാവില്ല. അതിനിടെയാണ് തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട നാല് ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്. ഇന്ന് പരിഗണിക്കുന്ന ഒരു ഹര്‍ജിയിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ഹൈക്കോടതിയില്‍ മന്ത്രിയുടെ നിയമലംഘനം സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയേക്കും. 

മന്ത്രി തോമസ് ചാണ്ടിക്ക് വേണ്ടി ഇന്ന് കോടയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ്സ് നേതാവും മധ്യപ്രദേശില്‍ നിന്നുള്ള വിവേക് തന്‍ഖയാണ്. തോമസ് ചാണ്ടിക്കെതിരെ സമരരംഗത്തുളള കോണ്‍ഗ്രസ്സിന് ഇത് മുഖത്തേറ്റ അടിയായി. സംസ്ഥാന നേതാക്കളുടെ അഭ്യര്‍ത്ഥനമാനിച്ച് വിവേക് തന്‍ഖ കോടതിയില്‍ ചാണ്ടിക്ക് വേണ്ടി ഹാജരാകുമോ എന്ന കാര്യവും ഏറെ പ്രധാനമാണ്. പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് എല്‍ഡിഎഫില്‍ പറഞ്ഞത്  എന്‍സിപി വകവയ്ക്കാത്തതും വിഎസ്സിന്‍റെയും പന്ന്യന്‍റെയും പരസ്യനിലപാടും മുഖ്യമന്ത്രിക്ക് തലവേദനയായിമാറും.

click me!