മാര്‍ത്താണ്ഡം കായലിലെ കയ്യേറ്റം: കുറ്റസമ്മതം നടത്തി തോമസ് ചാണ്ടി

By Web DeskFirst Published Oct 9, 2017, 2:48 PM IST
Highlights

ആലപ്പുഴ: മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് ഒടുവില്‍ കുറ്റസമ്മതം നടത്തി മന്ത്രി തോമസ് ചാണ്ടിയുടെ കത്ത്. സര്‍ക്കാര്‍ ഭൂമിയില്‍ നിക്ഷേപിച്ച മണ്ണ് നീക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് മന്ത്രി തോമസ് ചാണ്ടി അപേക്ഷ നല്‍കി.സര്‍ക്കാര്‍ ഭൂമി കയ്യേറിയാല്‍ ഭൂസംരക്ഷണ നിയമമനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസും ചുരുങ്ങിയത് മൂന്ന് വര്‍ഷം തടവുമാണെന്നിരിക്കെ അതില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് മന്ത്രിയിപ്പോള്‍ നടത്തിയിരിക്കുന്നത്.  

മാര്‍ത്താണ്ഡം കായലിലെ അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളിലും ലേക് പാലസ് റിസോര്‍ട്ടിനെക്കുറിച്ചുള്ളത് ഒരാഴ്ചയ്ക്കുള്ളിലും ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ മിച്ചഭൂമിയും ഒന്നരവീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ വഴിയും മന്ത്രി കയ്യേറി നികത്തിയ സംഭവം ഏഷ്യാനെറ്റ്ന്യൂസാണ് തെളിവുകള്‍ സഹിതം പുറത്തുകൊണ്ടു വന്നത്. 

എന്നാല്‍ മാര്‍ത്താണ്ഡം കായലില്‍ അനധികൃതമായി ഒന്നും ചെയ്തില്ലെന്നും ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നുമായിരുന്നു മന്ത്രി തോമസ്ചാണ്ടി നിയമസഭയിലും പുറത്തും പറഞ്ഞത്. എന്നാല്‍ തെളിവുകള്‍ ഒന്നിനുപിറകെ ഒന്നായി ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടു വന്നതോടെ മന്ത്രി തോമസ്ചാണ്ടി സര്‍ക്കാര്‍ ഭൂമിയില്‍ മണ്ണിട്ടു എന്ന കാര്യം സമ്മതിക്കുകയായിരുന്നു. കേസ് ഗൗരവുമള്ളതാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്നും മനസ്സിലാക്കിയതോടെ അതില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഇപ്പോള്‍ തോമസ്ചാണ്ടി നടത്തിയത്. 

മാര്‍ത്താണ്ഡം കായലിലെ 64 കര്‍ഷകരുടെ കയ്യില്‍ നിന്ന് വാങ്ങിയ മൂന്നേക്കര്‍ ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെട്ട കാര്യം അറിയില്ലായിരുന്നു എന്നും അതില്‍ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്ക് മന്ത്രി തോമസ്ചാണ്ടി കത്ത് നല്‍കുകയായിരുന്നു. 

എന്നാല്‍ തോമസ്ചാണ്ടിയുടെ അപേക്ഷയില്‍ ജില്ലാ കള്കടര്‍ ഇതുവരെ ഒരു തീരുമാനവുമെടുത്തില്ല. സര്‍ക്കാര്‍ ഭൂമി കയ്യേറി മണ്ണിട്ടാല്‍ മണ്ണ് മാറ്റിയതുകൊണ്ടുമാത്രം കേസ് അവസാനിക്കില്ല. ജില്ലാ കള്കടര്‍ മാര്‍ത്താണ്ഡം കായലിലെ നിയമലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രത്യേക റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും. അതോടൊപ്പം ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഈ ആഴ്ച അവസാനത്തോടെ നല്‍കുമെന്നാണ് വിവരം. 

ലേക് പാലസ് റിസോര്‍ട്ടിന് മുന്നിലെ പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചുള്ള നിര്‍മ്മാണമാണെന്ന് സ്ഥിരീകരിച്ചതോടെ ഇത് പൊളിച്ചുമാറ്റി പൂര്‍വ്വ സ്ഥിതിയില്‍ ആക്കണമെന്ന് കളക്ടര്‍ ഉത്തരവിടും.


 

click me!