
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സർക്കാരിന്റെ തീരുമാനം വിചിത്രം. ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരച്ചിടയാവുകയാണ്. അധിക നികുതി വരുമാനമായതിനാൽ സംസ്ഥാനങ്ങൾക്ക് വിഹിതം ലഭിക്കുന്നില്ലെന്നും തോമസ് ഐസക്ക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 'ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോൾ പ്രതിവർഷനഷ്ടം 500 കോടി' ആണെന്ന് തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനുള്ള കേന്ദ്ര നിർദ്ദേശത്തിനു പിന്നാലെയാണ് തോമസ് ഐസകിന്‍റെ പ്രതികരണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിർദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളുകയായിരുന്നു. രണ്ട് രൂപ കുറച്ചാൽ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിശദീകരണം. തെരുവിലെ സമരത്തിനു കീഴടങ്ങിലെന്ന് കേന്ദ്രസർക്കാർ. ഇന്നലെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ നിർദ്ദേശം.
പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്സൈസ് തീരുവ. രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാർശ നാളത്തെ മന്ത്രിസഭാ യോഗത്തിൽ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ രണ്ടു രൂപ കുറച്ചാൽ വികസന പ്രവർത്തനങ്ങൾക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആറ് ശതമാനം മുതൽ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങൾ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാൻ ആലോചിക്കുന്നു. എന്നാൽ കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോൺഗ്രസ് ആരോപണം. ബിജെപിയുടെ ഭരണകാലത്ത് 13 ശതമാനം മാത്രമാണ് വർദ്ധനയെന്ന് പാർട്ടി അവകാശപ്പെടുന്നു. യുപിഎ കാലത്ത് 75 ശതമാനം വില കൂട്ടിയെന്നാണ് ആരോപണം. ധനമന്ത്രാലയം കർശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇന്ധനവില ചർച്ച ചെയ്യില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam