
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് ഉപരോധസമരം നടത്തുന്ന ബിജെപിയെ പരിഹസിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. എന്ത് ഭക്തിയെന്നാണ് തന്‍റെ ട്വീറ്റിലൂടെ തോമസ് ഐസക് ചോദിക്കുന്നത്.
തീര്‍ഥാടകരുടെ സുരക്ഷയ്ക്കായുള്ള പൊലീസിന്‍റെ ക്രമീകരണങ്ങള്‍ പാലിക്കാതിരുന്ന ബിജെപി നേതാവ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ദെെവകൃപയാല്‍ ഇന്ന് എന്തായാലും ഹര്‍ത്താലില്ല. ദേശീയപാത ഉപരോധിക്കുകയാണ് ബിജെപി.
എന്ത് ഭക്തിയാണെന്ന് ഇതെന്നാണ് തോമസ് ഐസക് കുറിച്ചു. നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് രാവിലെയാണ് മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.
സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. രാവിലെ 10 മണി മുതൽ ഒന്നര മണിക്കൂർ ഹൈവേകളിൽ വാഹനങ്ങൾ തടയുമെന്നാണ് ബിജെപി അറിയിച്ചത്. അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം പുറത്ത് കൊണ്ടു വന്നപ്പോള്‍ പ്രതികരിച്ചത്.
ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് ഈ അറസ്റ്റ്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍. പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam