ജേക്കബ് തോമസ് വേറെ കണ്ണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്; മറുപടിയുമായി തോമസ് ഐസക്

Published : Dec 23, 2017, 07:48 PM ISTUpdated : Oct 05, 2018, 03:34 AM IST
ജേക്കബ് തോമസ് വേറെ കണ്ണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്; മറുപടിയുമായി തോമസ് ഐസക്

Synopsis

തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സര്‍ക്കാറിനെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിന് മറുപടിയുമായി മന്ത്രി തോമസ് ഐസക്. ജേക്കബ് തോമസ് വേറെ കണ്ണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലതെന്ന് തോമസ് ഐസക്. ഇത്തരം കാര്യങ്ങളില്‍ പരിഹസിക്കാനിറങ്ങുമ്പോള്‍ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണമെന്നും ഒന്നാംപാഠത്തില്‍ ഒതുങ്ങരുതെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നു.

തോമസ് ഐസകിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണ് നല്ലത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടിയും വരും. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളം കേന്ദ്രത്തിനു സമർപ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നത്. അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയ കണക്കു പ്രകാരം 700 കോടി മതിയത്രേ.

ജേക്കബ് തോമസിന്റെ പാഠം ഒന്നിൽ പറയുന്ന കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തിനു മുന്നിൽ സമർപ്പിച്ചത് സമഗ്രമായ പാക്കേജാണ്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് നിർദ്ദേശങ്ങൾ. കേരളത്തിലെ തീരദേശത്തെയാകെ പുനരുദ്ധരിക്കുന്നതിനും പുനരധിവസിക്കുന്നതിനുമുള്ള ഒരു സമഗ്രപരിപാടിയാണിത്.

ഉദാഹരണത്തിന് കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി സമുദ്രനിരപ്പ് ഉയരുന്നു. സൈക്ലോൺ ഭീഷണി ഉണ്ടാകുന്നു, ഈ പശ്ചാത്തലത്തിൽ തീരദേശത്തിന്റെ ആവാസവ്യവസ്ഥയിൽത്തന്നെ മാറ്റങ്ങൾ അനിവാര്യമാണ്. സിആർഇസഡ് പരിധിയിൽനിന്നെങ്കിലും മാറ്റി ജനങ്ങളെ പുനരധിവസിപ്പിക്കണം. ഇതിന് ആകർഷകമായ ഭൂമി - പാർപ്പിട പദ്ധതി മാത്രമല്ല, മത്സ്യബന്ധനോപകരണങ്ങളും സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും തീരത്തുണ്ടാക്കണം.

ഇത്തരമൊരു പുനഃസംഘടനയ്ക്കു മാത്രം വരുന്ന ചെലവെന്തായിരിക്കുമെന്ന് ജേക്കബ് തോമസിന് ധാരണയുള്ളതായി തോന്നുന്നില്ല. അദ്ദേഹമുണ്ടാക്കിയ കണക്കിൽ ഇക്കാര്യം ഉൾപ്പെടുന്നില്ല. എന്നാൽ കേരള സർക്കാർ സമർപ്പിച്ച പാക്കേജിൽ പാർപ്പിടത്തിനായി വകയിരുത്തിയിട്ടുള്ളത് 3300 കോടി രൂപയാണ്. ഇതുപോലെ വിദ്യാലയങ്ങൾ, ആശുപത്രികൾ തുടങ്ങിയ നവീകരിക്കണം, തീരദേശ റോഡുകളുടെ നിർമ്മാണം തുടങ്ങി വിപുലമായ പദ്ധതികൾക്കു വേണ്ടിവരുന്ന തുകയാണ് 7300 കോടി രൂപ. ചുരുക്കത്തിൽ കേന്ദ്ര ദുരിതാശ്വാസ നിധിയിൽ നിന്നുള്ള നഷ്ടപരിഹാരമല്ല, ഒരു പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് സാധ്യതയുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ഒരു കാര്യം ഓർക്കുക. 13 വർഷം മുമ്പ് സുനാമി ബാധിതർക്ക് 1400 കോടിയുടെ പാക്കേജാണ് കേന്ദ്രം അനുവദിച്ചത്. ഇത് കേവലം നഷ്ടപരിഹാരത്തുകയായിരുന്നില്ല. തീരദേശ വികസനത്തിനുള്ള പാക്കേജായിരുന്നു. ഇതുപോലെ ഇപ്പോൾ ലോകബാങ്കിന്റെ സഹായത്തോടെയുള്ള നാഷണൽ സൈക്ക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ട് (NCRMP) ഇത്തരം സമഗ്രപദ്ധതികൾക്ക് പണം അനുവദിക്കുന്നുണ്ട്. കേരള സർക്കാർ സമർപ്പിച്ച സമഗ്രപദ്ധതിയുടെ വിവിധ ഘടകങ്ങൾ വ്യത്യസ്ത മന്ത്രാലയങ്ങൾക്കും കൂടി സമർപ്പിക്കാനാണ് ധാരണയായിട്ടുള്ളത്.

കേരള സർക്കാർ സമർപ്പിച്ച 40 പേജു വരുന്ന മെമ്മോറാണ്ടം വായിക്കാനെങ്കിലും സമയം കണ്ടെത്തിയിരുന്നെങ്കിൽ ജേക്കബ് തോമസിന് വിവരക്കേടു പറയേണ്ടി വരുമായിരുന്നില്ല.

ഗുണപാഠം - ഇത്തരം കാര്യങ്ങളിൽ പരിഹസിക്കാനിറങ്ങുമ്പോൾ ആവശ്യത്തിന് ഗൃഹപാഠം ചെയ്യണം. ഒന്നാംപാഠത്തിൽ ഒതുങ്ങരുത്.

 

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ കുറിച്ച് പ്രസ്താവന നടത്തിയതിനെ തുടര്‍ന്ന് ഐഎംജി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശിനവുമായി ഡിജിപി ജേക്കബ് തോമസ് രംഗത്തെത്തുന്നത്. സര്‍ക്കാറിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളും മുന്‍നിര്‍ത്തി കണക്കിലെ കളികള്‍ എന്ന തലക്കെട്ടില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത് തയാറാക്കിയ പേജ് ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് ജേക്കബ് തോമസ് വിമര്‍ശനം. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 7340 കോടിയുടെ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് പരിഹസിക്കുന്നു. ദുരിതാശ്വാസ പാക്കേജുകളില്‍ അടിമുടി അഴിമതിയാണെന്നാണ് വിമര്‍ശനത്തിലെ സൂചന.  

സര്‍ക്കാരിന് വിമര്‍ശിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. എത്രപേരെ കാണാതായെന്ന കാര്യത്തില്‍ പോലും ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണെന്ന് ജേക്കബ് തോമസ് അന്ന് തുറന്നടിച്ചിരുന്നു. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നും അഴിമതിക്കെതിരെ നിലകൊളളുന്നവരെ 51 വെട്ടുവെട്ടിയില്ലെങ്കിലും നിശബ്ദരാക്കുന്ന സാഹചര്യമാണുള്ളതെന്നുംജേക്കബ് തോമസ് അന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലെ പാളിച്ചകളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പണക്കാരുടെ മക്കള്‍ കടലില്‍ പോയി കാണാതായെങ്കില്‍ പരിഗണിക്കുന്നതുപോലെയാണോ ഇപ്പോള്‍ കാണുന്നത്. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് തീരപ്രദേശങ്ങളിലുള്ളവര്‍ ഭരണാധികാരികളോട് ചോദിച്ചത്. ജനങ്ങള്‍ക്ക് വിശ്വാസം ഉള്ളവരാണെങ്കില്‍ ഭരണാധികാരികള്‍ക്ക് ജനങ്ങളുടെ അടുത്തുപോയി നില്‍ക്കുന്നതിന് തടസമില്ലെന്നും ജേക്കബ് തോമസ് അന്ന് പറഞ്ഞു.  രാജ്യാന്തര അഴിമതി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി പ്രസ്‌ക്ലബില്‍ നടന്ന സംവാദത്തിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ