'അക്കൗണ്ടബിലിറ്റിയില്ലാത്ത ബ്യൂറോക്രസിയുടെ കൊച്ചുമകൾ': രേണു രാജിനെതിരെ ഐസകിന്‍റെ അഡീ. പ്രൈവറ്റ് സെക്രട്ടറി

By Web TeamFirst Published Feb 12, 2019, 10:39 AM IST
Highlights

മലയോരത്താകെ നടന്ന ഈ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തെ കൂടുതൽ കാർക്കശ്യത്തോടെ ഇടപെടുത്തി ഭൂമി സംരക്ഷിച്ചുകളയാമെന്ന മൌഡ്യമാണ് വേണുരാജിലും വെങ്കിട്ടരാമനിലുമൊക്കെ അവസാന ആശ്രയം കണ്ടെത്തുന്ന പരിസ്ഥിതിവാദികളുടേത്. - എന്ന് ഗോപകുമാർ മുകുന്ദൻ. 

തിരുവന്തപുരം: ദേവികുളം സബ് കളക്ട‌‌ർ രേണു രാജിനെ വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ സജീവ പ്രവർത്തകൻ കൂടിയായ ഗോപകുമാർ മുകുന്ദനാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. മലയോരത്തെ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിൽ കൊണ്ടു വരുന്നുവെന്നും, എസ് രാജേന്ദ്രന്‍റെ സാന്നിധ്യത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ മറികടന്ന് നിർമ്മാണം നടക്കുക മാത്രമാണ് ചെയ്തതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു. ഒന്നിനോടും പ്രതിബദ്ധതയില്ലെന്ന് ബ്യൂറോക്രാറ്റുകൾ ദിനംപ്രതി തെളിയിക്കുകയാണെന്നും കൂടി പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

റവന്യൂ അധികാരികളെ ആദ്യം തടഞ്ഞത് കോൺഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണെന്നും, എംഎൽഎ സ്ഥലത്ത് എത്തി റവന്യൂ അധികാരികളുടെ നിർദ്ദേശത്തെ അവഗണിച്ച് തന്‍റെ സാന്നിധ്യത്തിൽ പണി തുടരുകയാണ് ചെയ്തതെന്നും ഫേസ്ബുക്ക് പോസ്റ്റ് വിശദീകരിക്കുന്നു. പരിസ്ഥിതി വാദികളായ ചിലർ രാജേന്ദ്രനെ ശാപവാക്കുകൾ കൊണ്ട് മൂടുകയാണെന്നും പോസ്റ്റിൽ പറയുന്നു

രാഷ്ട്രീയക്കാരുടെ പല നിയമലംഘനങ്ങളും പുനർവിചിന്തനം നടത്താതെ നടപ്പാക്കുന്ന വിഭാഗമാണ് ബ്യൂറോക്രസിയുടെയും ജൂഡീഷ്യറിയുടെയും വലിയ വിഭാഗമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത് 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം

മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ മേഖലകളിൽ നിർമ്മാണനിയന്ത്രണം അനിവാര്യമാണെന്നത് തർക്കരഹിതമാണ്. അവിടെ എത്തുന്ന മുഴുവൻ വിനോദയാത്രികർക്കും അവിടെത്തന്നെ താമസം, അവിടെത്തന്നെ സകലമാന സൌകര്യങ്ങളും എന്നത് ടൂറിസത്തിന്റെ തന്നെ നിലനിൽപ്പിനെ തകർത്തുകളയും. ഈ സമീപനമാണ് കായലിലും കാട്ടിലുമെല്ലാം വേണ്ടത്. വന്നു കണ്ട്, ആസ്വദിച്ച് സൌകര്യമുള്ള സ്ഥലത്തേയ്ക്ക് പോവുക. ഇതാണ് വേണ്ടത്. പക്ഷെ, ചോദ്യം ഇതാണ്. ഈ സമീപനം കൂടുതൽ കൂടുതൽ ബ്യൂറോക്രാറ്റിക് കാർക്കശ്യം കൊണ്ട് നടപ്പാക്കാവുന്നതാണോ ?

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണമെന്നു പറഞ്ഞാൽ അവിടുത്തെ മണ്ണും, വെള്ളവും കൃഷിയും മനുഷ്യജീവനും സംരക്ഷിക്കുക എന്നല്ലാതെ മറ്റെന്താണ്. ഇത്ര ലളിതമായ കാര്യം മലയോരത്തെ മനുഷ്യർക്ക് മനസിലാകാതെ പോകുന്നതെന്താണ്? ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടെന്ന് കേൾക്കുന്നപാടെ മലയോരത്തെ മനുഷ്യർ എന്തിനാണ് വഴക്ക് ഉണ്ടാക്കുന്നത്? അവരെല്ലാം കൊടിയ കൊള്ളക്കാരായതുകൊണ്ടാണോ?

മലയോരത്തെ മനുഷ്യർ ഫോറസ്റ്റ് ബ്യൂറോക്രസിയിൽ നിന്നും അനുഭവിച്ചുകൂട്ടിയ ദുരിതത്തിന്റെ പ്രതികരണമാണ് ഇതെന്നാണ് എന്റെ മനസിലാക്കൽ. ഈ ബ്യൂറോക്രസിക്ക് തങ്ങളുടെ ജീവിതം വീണ്ടും തീറെഴുതാൻ പോകുന്നൂവെന്ന് തോന്നിയാൽ ഈ സാധാരണ മനുഷ്യർക്ക് പിന്നെ ഒരു പരിസ്ഥിതി സംരക്ഷണവും ബാധകമാകില്ല. അത്രമേൽ ഭീതിദതമാണ് ആ ജനത അനുഭവിച്ചുകൂട്ടുന്ന ബ്യൂറോക്രാറ്റിക് കെടുതികൾ. ജോയിന്റ് ഫോറസ്റ്റ് മാനേജ്മെന്റ് നിലവിൽ വന്നതു മുതൽ പെരിയാർ ടൈഗർ റിസർവ്വിലൊക്കെ ഇതിനൊരു മാറ്റം വന്നതു കാണാം. സാധാരണ മനുഷ്യരെ പങ്കാളികളാക്കിക്കൊണ്ടുള്ള വനപാലനവും പരിസ്ഥിതി സംരക്ഷണവും എന്നതായപ്പോൾ ചിത്രം പാടെ മാറി.

വീണ്ടും ഒരിക്കൽക്കൂടി ഏകപക്ഷീയമായ ബ്യൂറോക്രാറ്റിക് പരിസ്ഥിതി മേഖലാവൽക്കരണങ്ങളിലേയ്ക്കും നിയന്ത്രണങ്ങളിലേയ്ക്കും തങ്ങളുടെ ജീവിതം എടുത്ത് എറിയപ്പെടാൻ പോകുന്നൂവെന്ന ചിന്തയാണ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ മലയോര ജനത അണിനിരക്കുന്നതിന്റെ അടിസ്ഥാന കാരണമെന്ന് നാം മനസിലാക്കണം. അല്ലാതെ പുട്ടിന് പീരയിടുന്നതുമാതിരി ജോയിസ് ജോർജ്ജ്, രാജേന്ദ്രൻ എന്നൊക്കെ ആവർത്തിച്ചുകൊണ്ടിരുന്നാൽ കാര്യമില്ല. ഇവരൊക്കെ ഒന്നാം ക്ലാസ് ആണെന്നൊന്നും അല്ല.

മലയോരത്താകെ നടന്ന ഈ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തെ കൂടുതൽ കാർക്കശ്യത്തോടെ ഇടപെടുത്തി ഭൂമി സംരക്ഷിച്ചുകളയാമെന്ന മൌഡ്യമാണ് വേണുരാജിലും വെങ്കിട്ടരാമനിലുമൊക്കെ അവസാന ആശ്രയം കണ്ടെത്തുന്ന പരിസ്ഥിതിവാദികളുടേത്. ഇവർ ആത്യന്തികമായി ജനങ്ങളെ ഈ ലക്ഷ്യങ്ങളിൽ നിന്നെല്ലാം അകറ്റിക്കൊണ്ടു പോവുകയാകും ഫലം. ജനപ്രതിനിധികൾ ജനങ്ങളുടെ വികാരത്തെ മാനിക്കാതെ രേണുരാജിന്റെ കാർക്കശ്യം കാണിക്കുമെന്ന് കരുതുന്നതിൽപ്പരം പമ്പരവിഡ്ഢിത്തം വേറെ എന്തുണ്ട്?

ഇപ്പോൾ നോക്കിക്കേ, മൂന്നാർ പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ്. വിവാദമായ നിർമ്മാണത്തിന് അനുമതി നൽകിയത് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായ ജില്ലാ ആസൂത്രണ സമിതി. രേണുരാജിന്റെ റിപ്പോർട്ട് തന്നെ റവന്യു അധികാരികളെ ആദ്യം തടഞ്ഞത് പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും ജനങ്ങളെ കൂട്ടിക്കൊണ്ടാണ് എന്നാണ്. രാജേന്ദ്രൻ എന്ത് ചെയ്തു? എംഎൽഎ സ്ഥലത്ത് എത്തി റവന്യു അധികാരികളുടെ നിർദ്ദേശത്തെ അവഗണിച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ പണി തുടർന്നു. ഇതാണ് രാജേന്ദ്രന്റെ റോൾ. ഹരീഷ് വാസുദേവനൊക്കെ രാജേന്ദ്രനെ ശാപവചനങ്ങൾകൊണ്ട് മൂടുകയാണ്. കള്ളൻ, കൈയേറ്റക്കാരൻ, ക്രിമിനൽ എന്നൊക്കെ ധ്വനിപ്പിച്ച് രേണുരാജ് തുടങ്ങി ഐ.എ.എസുകാരുടെ വീരശൂര പരാക്രമങ്ങൾ കണ്ട് പുളകിതഗാത്രരാവുകയാണ്.

ആരോടും ഒന്നിനോടും ഒരുതരത്തിലുമുള്ള അക്കൌണ്ടബിലിറ്റിയും ഇല്ലായെന്ന് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ് നമ്മുടെ അഖിലേന്ത്യാ സർവ്വീസ് ബ്യൂറോക്രാറ്റുകൾ. അതിന്റെ കൊച്ചുമകളാണ് രേണുരാജ്. തുടക്കത്തിൽ ചൂണ്ടിക്കാണിച്ച ഒരു അടിസ്ഥാന പരിഗണനയും ഈ ബ്യൂറോക്രാറ്റുകൾക്ക് ബാധകമല്ല. യാന്ത്രികമായ, മനുഷ്യവിരുദ്ധമായ വ്യാഖ്യാനത്തോടെ കര്‍ക്കശമായി നിയമം നടപ്പിലാക്കലാണത്രെ അവരുടെ മേന്മ. നിയമം തന്നെ ഇതിനു വേണ്ടിയല്ലായെന്ന് പരിസ്ഥിതി വിശാരദൻമാരായ നീലകണ്ഠനും ശിഷ്യരുമൊക്കെ മനസിലാക്കണമെന്ന് ആശിക്കുകയേ നിവർത്തിയുള്ളൂ.

ഐ.എ.എസ് ബ്യൂറോക്രാറ്റുകളുടെ മഹത്വം വിളമ്പി വരരുത്. ഒരുപാട് പറഞ്ഞു പോകും.ഒരുപാട് കൊട്ടിഘോഷിക്കപ്പെടുന്ന ഇനങ്ങളുടെത് അടക്കം.

ഒന്നു മാത്രം പറഞ്ഞ് നിർത്താം. രാഷ്ട്രീയക്കാരുടെ പല നിയമലംഘനങ്ങളും അതിന്റെ പതിന്മടങ്ങ് ശക്തിയിൽ ഒരു ഓഡിറ്റും ഇല്ലാതെ ചെയ്യുന്ന വിഭാഗമാണ് ബ്യൂറോക്രസിയും ജൂഡീഷ്യറിയുടെ ഭാഗവുമൊക്കെ. അവരിൽ സമ്പൂർണ്ണ പ്രതീക്ഷിച്ചയർപ്പിച്ച് പരിസ്ഥിതിയും നാടും സംരക്ഷിക്കാൻ ഇറങ്ങിയവർക്ക് നല്ല നമസ്കാരം പറയുകയേ നിവർത്തിയുള്ളൂ.

 

click me!