
നിങ്ങൾ പിന്നോട്ട് തള്ളിയില്ലെങ്കിൽ താൻ മുന്നോട്ടുതന്നെ പോവുമെന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജേക്കബ് തോമസിന്‍റെ മറുപടി. താനില്ലെങ്കിലും വിജിലൻസ് ശക്‌തമായി തന്നെ മുന്നോട്ടുപോകും. സ്‌ഥാനത്തു നിന്നും മാറ്റണമെന്ന് സർക്കാരിനോട് എന്തിന് ആവശ്യപ്പെട്ടു എന്ന ചോദ്യത്തിന് അത് ജനങ്ങളുടെ സർക്കാരിനെ താൻ അറിയിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തനിക്കെതിരേ വരുന്ന ആരോപണങ്ങളെ ജേക്കബ് തോമസ് തള്ളിക്കളഞ്ഞു. കോണുകളിൽ നിന്നും ചിലർ എന്തെങ്കിലും പറയുന്നതിന് മറുപടി അർഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വിജിലൻസിൽ വരുന്ന പരാതിയെല്ലാം വിജിലൻസ് അന്വേഷിക്കും. താൻ തന്‍റെ തൊഴിലാണ് ചെയ്യുന്നത്. സർക്കാരിന് ലഭിക്കുന്ന പരാതികളിൽ സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ജേക്കബ് തോമസ് വ്യക്‌തമാക്കി.
ജേക്കബ് തോമസ് നൽകിയ കത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇന്ന് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. പനിയെ തുടർന്ന് മുഖ്യമന്ത്രി രാവിലെ ക്ലിഫ് ഹൗസിൽ വിശ്രമത്തിലായിരുന്നു. ജേക്കബ് തോമസ് ഉടൻ തന്നെ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും തന്റെ ഭാഗം വിശദീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.