
ലക്‌നോ: മനുഷ്യരാശിയുടെ ശത്രുവാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു. രാജ്യത്തെ ജനങ്ങൾ ഒരുമിച്ച് നിന്നാൽ തീവ്രവാദികൾ പരാജയപ്പെടുമെന്നും തീവ്രവാദത്തെ പിന്തുണക്കുന്നവരെ വെറുതേ വിടരുതെന്നും ഉത്തർപ്രദേശിലെ ലക്നോവിൽ ദസറ ആഘോഷങ്ങളിൽ പങ്കെടുത്തു സംസാരിക്കവെ മോദി പറഞ്ഞു.
തീവ്രവാദം ക്രമസമാധാനപ്രശ്നമല്ല. ലോകം മുഴുവൻ ഇന്ന് തീവ്രവാദഭീഷണിയിലാണ്. ഭീകരത മനുഷ്യത്വത്തിന്റെ ശത്രുവാണ്. തീവ്രവാദത്തിനെതിരെ ലോകം മുഴുവൻ ഒരുമിച്ച് നിൽക്കണം. സ്ത്രീയുടെ അഭിമാനത്തിനായി ഭീകരതയ്ക്കെതിരേ പൊരുതിയ ആദ്യ പോരാളിയായ ജഡായുവിനെ രാമായണത്തിൽ കാണാൻ സാധിക്കും. നമുക്കെല്ലാവർക്കും രാമൻ ആകാൻ സാധിക്കില്ലെങ്കിലും ജഡായു എങ്കിലും ആകാൻ ശ്രമിക്കാം– മോദി പറഞ്ഞു.
യുദ്ധം ചെയ്ത് പരിചയമുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ യുദ്ധത്തിന്റെ വഴിയല്ല ബുദ്ധന്റെ വഴിയാണ് ഇന്ത്യയുടേതെന്നും മോദി പറഞ്ഞു. തിന്മയ്ക്കുമേൽ നന്മ വിജയം നേടിയ ആഘോഷമാണ് ദസറ. നാം നമ്മുടെ മനസുകളിലെ തിൻമയെ അവസാനിപ്പിക്കുന്നതാകണം ലക്ഷ്യമാക്കേണ്ടത്. തലമുറകളായി കൈമാറിവരുന്ന പാരമ്പര്യങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ദാരിദ്ര്യവും നിരക്ഷരതയും രാവണന്റെ മറ്റൊരു വകഭേദങ്ങളാണ്. അതുകൊണ്ട് ഈ വർഷം നമുക്ക് ഇവയൊക്കെ അഗ്നിക്കിരയാക്കാം– മോദി കൂട്ടിച്ചേർത്തു.
ദസറയുടെ ഭാഗമായി നടക്കുന്ന രാംലീല ചടങ്ങ് പോലുള്ളവയ്ക്ക് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്നത് ആദ്യമായാണ്. സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞശേഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതുസമ്മേളനമെന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ടായിരുന്നു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കശ്മീരിലെ മിന്നലാക്രമണത്തെക്കുറിച്ച് എന്തെങ്കിലും പ്രധാനമന്ത്രി പരാമര്‍ശിക്കുമോ എന്നായിരുന്നു ഏവരും ഉറ്റു നോക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam