സൗദിയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് നാളെ മുതല്‍

By Web DeskFirst Published Jan 14, 2017, 12:15 PM IST
Highlights

നിയമവിരുദ്ധമായി സൗദിയില്‍ കഴിയുന്ന വിദേശികള്‍ക്കാണ് സൗദി ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട്‌ വിഭാഗം പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജനുവരി 15 മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ്. ഈ കാലയളവില്‍ ഹജ്ജ്, ഉംറ വിസിറ്റ് വിസകളുടെ കാലാവധി കഴിഞ്ഞവര്‍ ഉള്‍പ്പെടെ താമസ നിയമ ലംഘകര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാമെന്നാണ് പ്രതീക്ഷ. ഇഖാമ നിയമ ലംഘനത്തിന് ചുമത്താറുള്ള തടവ്, പിഴ തുടങ്ങിയവ ഇല്ലാതെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം. എന്നാല്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴ തുടങ്ങിയവയില്‍ ഇളവ് അനുവദിക്കില്ല. 

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്കുണ്ടാകില്ലെന്ന് ജവാസാത്തിനെ ഉദ്ധരിച്ചു കൊണ്ട് അല്‍ വതന്‍ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നിയമലംഘകര്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖകളും യാത്രാ രേഖകളും സഹിതം ലേബര്‍ ഓഫീസിനെ സമീപിക്കണം. ലേബര്‍ ഓഫീസ് നല്‍കുന്ന പേപ്പറുമായി ജവാസാത്തിനെ സമീപിച്ചാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കും. പൊതുമാപ്പ് എല്ലാ രാജ്യക്കാര്‍ക്കും ബാധകമാണ്. ഈ ഇളവ് എല്ലാ നിയമ ലംഘകരും പ്രയോജനപ്പെടുത്തണമെന്നും മൂന്ന് മാസത്തിനു ശേഷം നിയമ ലംഘകര്‍ക്കായി കര്‍ശനമായ പരിശോധന ഉണ്ടായിരിക്കുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പ്. മലയാളികള്‍ ഉള്‍പ്പെടെ വിസാ കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിന്  വിദേശികള്‍ക്ക് ഈ ഇളവ് പ്രയോജനപ്പെടും എന്നാണു പ്രതീക്ഷ.

click me!