നികുതി വെട്ടിച്ചതിന് തൃശൂർ കോര്‍പ്പറേഷന് നോട്ടീസ്

Published : Nov 11, 2017, 11:07 PM ISTUpdated : Oct 05, 2018, 12:48 AM IST
നികുതി വെട്ടിച്ചതിന് തൃശൂർ കോര്‍പ്പറേഷന് നോട്ടീസ്

Synopsis

തൃശൂർ: നികുതി വെട്ടിപ്പിന്‍റെ പേരിൽ തൃശൂർ കോർപ്പറേഷന് സെൻട്രൽ എക്സൈസിന്‍റെ കാരണം കാണിക്കല്‍ നോട്ടീസ്. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് സേവന നികുതിയടച്ചതിൽ അഞ്ച് കോടിയുടെ കുറവുണ്ടെന്ന് കാണിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് വന്നിരിക്കുന്നത്. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരാനിരിക്കെ പുറത്തുവന്ന വിവരം കോളിളക്കമാകുമെന്നാണ് സൂചന. യുഡിഎഫ് കാലത്തുതന്നെ കോര്‍പറേഷന്‍ വക കെട്ടിടങ്ങളില്‍ പരസ്യബോര്‍ഡുകളും ഡിജിറ്റല്‍ ബോര്‍ഡുകളും സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയതിൽ ക്രമക്കേടും ചട്ടലംഘനവും ഓഡിറ്റ് വിഭാഗം കണ്ടെത്തിയതിന് പിറകെയാണിത്. രണ്ട് വിഷയങ്ങളും കൗൺസിലിൽ ഭരണപക്ഷം ചർച്ചയ്ക്കെടുക്കും.

2011 ഒക്ടോബർ മുതൽ 2016 സെപ്റ്റംബര്‍ വരെയുള്ള കാലവയളവിലെ നികുതിയൊടുക്കിയതിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്.  5,59,02,223 രൂപയുടെ കുറവുണ്ടെന്നാണ് സെൻട്രൽ എക്സൈസ് വിഭാഗം കോർപ്പറേഷന് അയച്ചിരിക്കുന്ന കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ചതിൽ നികുതിയൊടുക്കിയതിലെ പിഴവുകൾ കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തിൽ സാമ്പത്തികകാര്യ/നിയമ വിദഗ്ദരിൽ നിന്നും ഉപദേശം തേടിയിട്ടുണ്ട്. ഇത്രയും വലിയ തുകയുടെ കുറവ് കണ്ടെത്തിയത് നികുതി വിഭാഗത്തിന്‍റെ ജാഗ്രത കുറവാണെന്ന കുറ്റപ്പെടുത്തലാണ് കത്തിൽ ശ്രദ്ധേയം. ഭരണ സംവിധാനം തന്നെ നികുതി വെട്ടിച്ചെന്ന ആരോപണമുയരുന്നത് നിലവിലെ ഭരണസമിതിക്കും നാണക്കേടാണുണ്ടാക്കുന്നത്. അതേസമയം, ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയ കെട്ടിട കൈമാറ്റം റദ്ദാക്കുന്ന കാര്യം കൗൺസിൽ ചർച്ചക്കെടുക്കും. 

കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് പത്ത് വർഷത്തേക്ക് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള 19 കെട്ടിടങ്ങളാണ് സ്വകാര്യ പരസ്യ ഏജൻസിക്ക് കൈമാറി കരാറൊപ്പിട്ടത്. പത്തൊമ്പത് കെട്ടിടങ്ങളില്‍ സ്ഥാപനത്തിനോ, സ്ഥാപനത്തിന്‍റെ ഇഷ്ടാനുസരണം മറ്റുള്ളവരുടെയോ പരസ്യപ്രചാരണവും നടത്താമെന്നാണ് കരാറിലുള്ളത്. കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ നടത്താമെന്ന വ്യവസ്ഥയിൽ പത്തുവര്‍ഷത്തേക്കാണ് കരാര്‍.  ഇത്തരത്തില്‍ കരാര്‍ നല്‍കുമ്പോള്‍  1994 ലെ മുനിസിപ്പാലിറ്റി ആക്ട് 215 (2) സി പ്രകാരം പര്യസ്യലേലമോ ടെന്‍ഡറോ നടത്തി മാത്രമെ ലൈസന്‍സ് അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാൽ ഈ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. നേരിട്ട് സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയതിൽ ക്രമക്കേട് ഉണ്ടെന്ന് വിലയിരുത്തിയാണ് ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇതിനുപിന്നില്‍ വൻ അഴിമതിയാണെന്നാണ് ആക്ഷേപം. കരാർ പ്രകാരം അറ്റകുറ്റപണി നടത്തിയില്ലെന്നുമാത്രമല്ല  ഇതോടൊപ്പം 2015-16 മുതല്‍ ലൈസന്‍സ് ഫീസില്‍ സ്ഥാപനം മൂന്നുലക്ഷം രൂപ കുടിശിഖയും വരുത്തിയിട്ടുണ്ട്. സാധാരണ നഗരാസൂത്രണ കമ്മിറ്റിയില്‍ അവതരിപ്പിക്കുന്ന  ഇത്തരം ഫയല്‍ ധനകാര്യകമ്മിറ്റി അംഗീകരിച്ചശേഷമാണ് കൗണ്‍സില്‍ അംഗീകരിക്കുക. എന്നാല്‍ ഈ ഫയല്‍ ധനകാര്യകമ്മിറ്റിയില്‍ വന്നിട്ടില്ല. പകരം നേരിട്ട് കൗണ്‍സിലില്‍ അവതരിപ്പിച്ച്  പാസാക്കുകയായിരുന്നു. കോർപ്പറേഷന് വൻ തുക വരുമാനമുണ്ടാവേണ്ട നടപടിയാണെന്നിരിക്കെ ലക്ഷങ്ങൾ നഷ്ടപ്പെടുത്തി സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് സഹായം ചെയ്തുവെന്ന കണ്ടെത്തൽ കൂടിയാണ് ഓഡിറ്റ് വിഭാഗത്തിനുള്ളത്.

ഡിസിസി വൈസ് പ്രസിഡന്‍റ് കൂടിയായ ഐ.പി പോള്‍ മേയറായിരിക്കെയാണ് കോർപ്പറേഷൻ ഈ കരാറിലേർപ്പെട്ടത്. വന്‍സംഖ്യ വരുമാനം ലഭിച്ചിട്ടും പരസ്യകമ്പനികൾ കെട്ടിടങ്ങളുടെ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല. ടെന്‍ഡര്‍ നല്‍കിയിരുന്നുവെങ്കില്‍ ലൈസന്‍സ് ഫീസിന് പുറമെ കോര്‍പ്പറേഷന് വന്‍ വരുമാനം ലഭിക്കുമായിരുന്നുവെന്നാണ് കണ്ടെത്തൽ. കെട്ടിടങ്ങളില്‍ അറ്റകുറ്റപണികള്‍ മുടങ്ങിയതോടെ ജയ് ഹിന്ദ് മാർക്കറ്റിലടക്കമുള്ള കെട്ടിടങ്ങളിൽ കോർപ്പറേഷൻ നേരിട്ടാണ് അറ്റക്കുറ്റപ്പണികൾ നിർവഹിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ