തര്‍ക്കങ്ങള്‍ക്കിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം-സിപിഐ പദവി വച്ചുമാറ്റം തുടങ്ങി

Published : Nov 17, 2017, 11:49 PM ISTUpdated : Oct 05, 2018, 12:24 AM IST
തര്‍ക്കങ്ങള്‍ക്കിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം-സിപിഐ പദവി വച്ചുമാറ്റം തുടങ്ങി

Synopsis

തൃശൂര്‍: സിപിഐ-സിപിഎം തര്‍ക്കങ്ങള്‍ക്കിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദവി വച്ചുമാറ്റം തുടങ്ങി. ജില്ലാ പഞ്ചായത്തുകളില്‍ തൃശൂരിലെ സിപിഐ പ്രതിനിധി 21 ന് രാജിവയ്ക്കും. തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്ന് സിപിഎം ശനിയാഴ്ച ഒഴിയും. അതേസമയം, കൊല്ലം ജില്ലാ പഞ്ചായത്തിലെയും കൊല്ലം കോര്‍പ്പറേഷനിലെയും വച്ചുമാറ്റം തീരുമാനമായില്ല. എത്ര വര്‍ഷം വീതമാണ് പദവി കൈയ്യാളേണ്ടതെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നില്ല. നേരത്തെ സിപിഐക്ക് മേയര്‍ പദവി കിട്ടിയിരുന്ന കൊല്ലം കഴിഞ്ഞ തവണ മുതല്‍ സിപിഎം വിട്ടുകൊടുത്തിരുന്നില്ല. ഇത്തവണ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളും പങ്കുവയ്ക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടതോടെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ സിപിഐ അംഗം കെ ജഗദമ്മയും കോര്‍പറേഷനില്‍ സിപിഎമ്മിലെ വി രാജേന്ദ്രബാബുവും അധ്യക്ഷസ്ഥാനങ്ങള്‍ ഏറ്റെടുത്തു. രണ്ടുവര്‍ഷമായിട്ടും ഇക്കാര്യത്തില്‍ ചര്‍ച്ചയും നടന്നില്ല. വെള്ളിയാഴ്ചയായിരുന്നു കൊല്ലത്ത് പ്രസിഡന്റും മേയറും രണ്ട് വര്‍ഷം തികച്ചത്. തൃശൂരില്‍ ശനിയാഴ്ചയും.

അതേസമയം തൃശൂരില്‍ വെള്ളിയാഴ്ച എല്‍ഡിഎഫ് ജില്ലാ ഘടകം ചേര്‍ന്ന് വച്ചുമാറ്റം ചര്‍ച്ച ചെയ്തു. കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍, വികസനകാര്യ, നികുതി-അപ്പീല്‍ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ശനിയാഴ്ച രാജി വെയ്ക്കും. തെരഞ്ഞെടുപ്പ് സമയത്തെ ഇടതുമുന്നണി ധാരണയനുസരിച്ച് ആദ്യ രണ്ട് വര്‍ഷവും, അവസാനത്തെ രണ്ട് വര്‍ഷവും കോര്‍പ്പറേഷനില്‍ സിപിഎമ്മിന് ഡെപ്യൂട്ടി മേയര്‍ പദവിയും, ജില്ലാ പഞ്ചായത്തില്‍ ആദ്യത്തെ രണ്ട് വര്‍ഷം സിപിഐക്ക് പ്രസിഡന്റ് പദവിയുമെന്നാണ് ധാരണ. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സിപിഐയിലെ അജിത വിജയനും നികുതി അപ്പീല്‍കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും സിഎംപിയിലെ പി സുകുമാരനും ശനിയാഴ്ച രാജി നല്‍കും.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ച് വിജയിച്ചെത്തിയ സുകുമാരന് ചെയര്‍മാന്‍ സ്ഥാനം നല്‍കി സിപിഎം ഒപ്പം നിര്‍ത്തുകയായിരുന്നു. സിപിഐ ഒഴിയുന്ന വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ജനതാദളിനുള്ളതാണ്. സിഎംപി ഒഴിയുന്ന നികുതി-അപ്പീല്‍കാര്യ സ്റ്റാന്റിങ് കമ്മിറ്റി സിപിഎം ഏറ്റെടുക്കും. ധാരണയനുസരിച്ച് സിപിഐക്കാണ് അടുത്ത ഡെപ്യൂട്ടി മേയര്‍ പദവി. ഒരു സമയത്ത് ഒരു പദവി മാത്രമേ സിപിഐക്ക് ഉള്ളൂ. മൂന്ന് പേര്‍ മാത്രമേ സിപിഐക്കുള്ളൂ. ഡെപ്യൂട്ടി മേയര്‍ പദവിയിലേക്ക് അജിത വിജയനെ കൊണ്ടുവന്നേക്കും. എന്നാല്‍ കേവല ഭൂരിപക്ഷമില്ലാതെ തന്ത്രപൂര്‍വ്വം ഭരണം നടത്തുന്ന കോര്‍പ്പറേഷനില്‍ പദവി മാറ്റത്തിനിടെ അപ്രതീക്ഷിത നീക്കം പ്രതിപക്ഷത്തുനിന്നുണ്ടാകുമെന്ന ഭീതിയാണ് സിപിഎം നേതാക്കളില്‍. ഈ ആശങ്ക ഇടതുമുന്നണി യോഗത്തില്‍ സിപിഎം നേതാക്കള്‍ പങ്കുവയ്ക്കുകയും ചെയ്തു. യുഡിഎഫ് സ്വതന്ത്രരുമായി സിപിഎം നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളും യോഗത്തില്‍ വിവരിച്ചു.

ശനിയാഴ്ച ചേരുന്ന കൗണ്‍സിലിന് ശേഷം രാജി സമര്‍പ്പണം നടക്കും. 21ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് യോഗത്തിന് ശേഷം പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഷീല വിജയകുമാര്‍ രാജി നല്‍കും. സിപിഎം നേതാവ് മേരി തോമസിനെയാണ് അടുത്ത പ്രസിഡന്റായി സിപിഎം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18 വോട്ടിന് വടക്കാഞ്ചേരിയില്‍ പരാജയപ്പെട്ട മേരി തോമസ് സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എംവിഎ വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാർ വിഭാ​ഗം, ചർച്ച ചിഹ്നത്തിൽ വഴിമുട്ടി
ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി