
തൃശൂര്‍: വര്‍ണ്ണങ്ങളുടെ സ്വര്‍ണ്ണപ്രഭ തീര്‍ത്ത വെടിക്കെട്ടിന് ശേഷം തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനമാകും. രാവിലെ മണികണ്ഠനാല്‍ പരിസരത്തുനിന്നും പാറമേക്കാവിന്റെയും നായ്ക്കനാല്‍ പരിസരത്തുനിന്നും തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെയാണ് പൂരാവേശം കൊടിയിറങ്ങുക. തുടര്‍ന്ന് വെടിക്കെട്ടുമുണ്ടാകും. ശക്തന്റെ തട്ടകവാസികളുടെ പൂരമാണ് ഇന്നത്തേത്.
തൃശൂരിനെ പുളകം കൊള്ളിച്ച് ആവേശകരമായിരുന്നു പൂരം വെടിക്കെട്ട്. കനത്ത സുരക്ഷയ്ക്കിടെ പാറമേക്കാവും തിരുവമ്പാടിയും ആകാശത്തു വര്‍ണ വിസ്മയം തീര്‍ത്തു. ആദ്യ അവസരം പാറമേക്കാവിന്. കൂട്ടപ്പൊരിച്ചിലിന് തിരി കൊളുത്തി പാറമേക്കാവ് തുടക്കമിട്ടു. ഇടവേളയിട്ടു തുടങ്ങി ആകാശത്ത് അമിട്ടുകളുടെ വിസ്മയം തീര്‍ത്ത് തിരുവമ്പാടി. തുടര്‍ന്ന് ശബ്ദം കുറച്ച് ആകാശത്ത് വര്‍ണ കാഴ്ച ഒരുക്കി പാറമേക്കാവും വിട്ടുകൊടുത്തില്ല. വ്യത്യസ്തങ്ങളായ അമിട്ടുകളിലൂടെ തിരുവമ്പാടിയും കാണികളുടെ മനം കവര്‍ന്നു.
കേന്ദ്ര എക്‌സ്‌പ്ലോസീവ് സംഘത്തിന്റെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്. ജനങ്ങളെ 100 മീറ്റര്‍ പരിധിക്കപ്പുറം നിര്‍ത്തി പോലീസും കനത്ത സുരക്ഷ ഒരുക്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എസ്.സുനില്‍ കുമാറും വെടിക്കെട്ട് കാണാന്‍ എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ക്ക് ഇടയിലും മികച്ച രീതിയില്‍ വെടിക്കെട്ട് നടത്താനായത്തിന്റെ സന്തോഷത്തിലാണ് ദേവസ്വങ്ങള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam