രസതന്ത്ര നൊബേല്‍ 3 പേര്‍ക്ക്

By Web DeskFirst Published Oct 5, 2016, 3:17 PM IST
Highlights

സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ 3 പേര്‍ക്ക്.  ഴാന്‍ പിയറി സൗവേജ്, സര്‍ ജെ. ഫ്രെയ്സര്‍ സ്‌റ്റൊഡാര്‍ട്ട്, ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവരാണ്  ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിടുന്നത്. യന്ത്രങ്ങളെന്ന സങ്കല്‍പ്പം  തന്മാത്രാ തലത്തോളം  ചെറുതാക്കിയ വിപ്ലവകരമായ ഗവേഷണങ്ങള്‍ക്കാണ് മൂവര്‍ക്കും അംഗീകാരം ലഭിച്ചിരിക്കുന്നത്.

മനുഷ്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ യന്ത്രങ്ങളെ തന്മാത്രാ തലത്തോളം ചെറുതാക്കാമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് വിഖ്യാത ഭൗതികശാസ്‌ത്രജ്ഞനും മുന്‍ നൊബേല്‍ ജേതാവുമായ റിച്ചാര്‍ഡ് ഫെയ്ന്‍മാനാണ്. അദ്ദേഹത്തിന്റെ ആശയത്തെ പിന്തുടര്‍ന്ന്  ഴാന്‍ പിയറി സൗവേജ്, ഫ്രെയ്സര്‍ സ്റ്റൊഡാര്‍ഡ്, ബെര്‍ണാര്‍ഡ് എല്‍ ഫെരിംഗ എന്നിവര്‍ നടത്തിയ ഗേവഷണങ്ങളാണ് മൂവരേയും നേബെല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്.   

യന്ത്രസമാനമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്ന തന്മാത്രകളെയാണ് ഇവര്‍ ഗവേഷണത്തിലൂടെ  വികസിപ്പിച്ചെടുത്തത്.വൈദ്യുത സിഗ്നല്‍, താപവ്യതിയാനം  ഇവയിലൊക്കെ ഉണ്ടാക്കുന്ന വ്യതിയാനത്തിലൂടെ തന്മാത്രകളെ യന്ത്രങ്ങളെപ്പോലെ പ്രവര്‍ത്തിപ്പിക്കുകയാണ് ശാസ്‌ത്രജ്ഞ‌ര്‍ ചെയ്തത്. ഈ ശാസ്‌ത്രമേഖല കൂടുതല്‍ വികാസം പ്രാപിക്കുന്നതോടെ സാങ്കേതിക, ആരോഗ്യ തലങ്ങളിലെല്ലാം  വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

നിശ്ചിത മരുന്ന് കൃത്യമായ ലക്ഷ്യകോശത്തില്‍ എത്തിക്കാനുള്ള തന്മാത്രാ യന്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ നീക്കം സഹായകരമാകുമെന്നാണ് വൈദ്യശാസ്‌ത്ര രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഇതേ വിലയിരുത്തലാണ് നോബല്‍ പുരസ്കാര സമിതിയും നടത്തിയത്. പുരസ്കാര തുകയായ 54 കോടി രൂപ മൂവരും പങ്കിടും. സ്ട്രോസ്ബെര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകനായ ഴാന്‍ പിയറി സൗവേജ് ഫ്രഞ്ച് സ്വദേശിയാണ്. സര്‍ ജെ. ഫ്രെയ്സര്‍ സ്‌റ്റൊഡാര്‍ട്ട് ബ്രിട്ടന്‍ സ്വദേശിയും , ബര്‍ണാഡ് എല്‍ ഫെരിംഗ നെതര്‍ലാന്‍ഡ്സ്കാരനുമാണ്.

 

click me!