
തൊഴിലിന്‍റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും പ്രഖ്യാപിച്ച് ലോകം ഇന്ന് തൊഴിലാളി ദിനം ആചരിക്കുകയാണ്. പക്ഷെ ഒരു നൂറ്റാണ്ടിലധികം നീളുന്ന മുന്നേറ്റ ചരിത്രങ്ങളുണ്ടായിട്ടും അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നുവെന്നതാണ് ലോകയാഥാർഥ്യം.
1886ൽ ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണകൾക്ക് മുന്നിലാണ് ഓരോ തൊഴിലാളിദിനവും ആചരിക്കപ്പെടുന്നത്. അന്നവർ ചിന്തിയ ചോര തൊഴിലാളി സമൂഹത്തിന്റെ ആകെ ആവേശമായി. എട്ട് മണിക്കൂർ ജോലി എട്ട് മണിക്കൂർ വിശ്രമം എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങി. തൊഴിലാളികളുടെ സംഘശക്തിക്ക് മുന്നിൽ അധികാര കേന്ദ്രങ്ങൾ തകർന്നു. പുതിയ അധികാര ക്രമങ്ങൾ തന്നെ രൂപപ്പെട്ടു.
പക്ഷെ ഇന്നും അധ്വാനിക്കുന്ന അടിസ്ഥാന വർഗത്തിന്‍റെ നില എല്ലായിടത്തും പരിതാപകരമാണ് . ലോകം അതിഭീകരമായ തൊഴിലില്ലായ്മയിലൂടെ കടന്നുപോകുന്നുവെന്നത് ഞെട്ടിക്കുന്ന മറ്റൊരു യാഥാർത്ഥ്യം. 2016ൽ ഇന്‍റര്‍നാഷണല്‍ ലേബർ ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുപ്രകാരം 197 ദശലക്ഷം പേരാണ് തൊഴിലില്ലായ്മ എന്ന പ്രതിസന്ധി നേരിടുന്നത്. 2017ൽ ഇത് 201 ദശലക്ഷം ആയി ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗൾഫ് പ്രതിസന്ധി, അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെയുള്ള ചൂഷണം , തോട്ടം തൊഴിലാളി സ്ത്രീകൾ എന്നിങ്ങനെ ചർച്ച ചെയ്യപ്പെടേണ്ട നിരവധി പ്രശ്നങ്ങൾ കേരളത്തിനുമുണ്ട്. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാകട്ടെ ഓരോ മെയ്ദിനവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam