90ലെ ഒരു പത്ര ചിത്രത്തില്‍ തുടങ്ങിയ നിയമപോരാട്ടത്തിന് 28-ാം വര്‍ഷം വിധി

Published : Sep 28, 2018, 07:12 AM ISTUpdated : Sep 28, 2018, 09:53 AM IST
90ലെ ഒരു പത്ര ചിത്രത്തില്‍ തുടങ്ങിയ നിയമപോരാട്ടത്തിന് 28-ാം വര്‍ഷം വിധി

Synopsis

ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധി ഇന്ന്. രാവിലെ പത്തര മണിക്കാണ് രാജ്യം ഉറ്റുനോക്കുന്ന വിധി. 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് പിന്നീട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടമായി മാറിയത്. 2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ന് വിധി വരുന്നത്.

ദില്ലി: വര്‍ഷങ്ങള്‍ നീണ്ട നീയമയുദ്ധത്തിനൊടുവില്‍ ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് പിന്നീട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28 വര്‍ഷം നീണ്ട നിയമപോരാട്ടമായി മാറിയത്. 2006 ൽ സുപ്രീംകോടതിയിലെത്തിയ കേസിൽ 12 വര്‍ഷത്തിന് ശേഷമാണ് ഇന്ന് വിധി വരുന്നത്.

ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്ത് വെച്ച് നടത്തുന്നതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് ഒരു ദിനപത്രങ്ങളിൽ വന്നിരുന്നു. ഈ ചിത്രമാണ് കാൽനൂറ്റാണ്ട് പിന്നിട്ട ശബരിമല സ്ത്രീ പ്രവേശന കേസിന്‍റെ തുടക്കം. ചങ്ങനാശേരി സ്വദേശിയായ എസ്. മഹേന്ദ്രൻ ഈ ചിത്രം ഉൾപ്പെടുത്തി കേരള ഹൈക്കോടതിക്ക് 1990 സെപ്റ്റംബര്‍ 24ന് ഒരു പരാതി അയച്ചു. ശബരിമലയിൽ ചിലര്‍ക്ക് വി.ഐ.പി പരിഗണനയാണെന്നും യുവതികൾ ശബരിമലയിൽ കയറുന്നു എന്നുമായിരുന്നു പരാതിയിലെ ആരോപണം. ഈ പരാതി ഭരണഘടനയുടെ 226-ാം അനുഛേദപ്രകാരം റിട്ട് ഹര്‍ജിയായി പരിഗണിക്കാൻ കേരള ഹൈക്കോതി ജസ്റ്റിസുമാരായ കെ.പരിപൂര്‍ണൻ, കെ.ബി.മാരാര്‍ എന്നിവര്‍ തീരുമാനിച്ചു. 1991 ഏപ്രിൽ 5ന് ശബരിമലയിലെ സ്ത്രീപ്രവേശനം നിരോധിച്ചുകൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആചാരങ്ങൾക്കും വിശ്വാസത്തിനും എതിരാണെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും വിധിയിൽ പറഞ്ഞു. 

ഈ വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളൊന്നും പിന്നീട് ഉണ്ടായില്ല. 15 വര്‍ഷത്തിന് ശേഷം 2006ലാണ് യംങ് ലോയേഴ്സ് അസോസിയേഷൻ ശബരിമലയിലെ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹര്‍ജി നൽകുന്നത്. സുപ്രീംകോടതിയിലെ ജസ്റ്റിസ് അരജിത് പസായത്ത്, ജസ്റ്റിസ് ആര്‍.വി.രവീന്ദ്രൻ അങ്ങനെ പല കോടതികളിലൂടെ ഈ കേസ് കടന്നുപോയി. 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ കോടതിയിലേക്ക് എത്തിയതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. കേസിൽ ഭരണഘടനപരമായ ചോദ്യങ്ങളുണ്ടെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതി കണ്ടെത്തി. 2017 ഒക്ടോബര്‍ 13ന് അഞ്ച് ചോദ്യങ്ങളോടെ ശബരിമല കേസ് ജസ്റ്റിസ് ദീപക് മിശ്ര ഭരണഘടന ബെഞ്ചിലേക്ക് വിട്ടു. എട്ട് ദിവസം തുടര്‍ച്ചയായി വാദം കേട്ട് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് ശബരിമല കേസ് വിധി പറയാൻ മാറ്റിവെച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ