
ദില്ലി:കര്‍ണാടകയില്‍ ബിജെപിക്ക് നാളെ നിര്‍ണായകദിനം. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ള തങ്ങളെ അവഗണിച്ച് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരമൊരുക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി നാളെ രാവിലെ 10.30ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ബിജെപി നാളെ കോടയിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നു. എന്നാല്‍, ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെ യെദ്യൂരപ്പയ്ക്കും ബിജെപിയ്ക്കും ആശങ്കകളുടെ മണിക്കൂറുകളാണിത്. നാളെ രാവിലെ 10.30ന് കോടതി ഹര്‍ജി പരിഗണിക്കുന്‌പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യെദ്യൂരിയപ്പ സര്‍ക്കാരിന്റെ ഭാവി.
കര്‍ണാടകത്തില്‍ ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചത് ബി.ജെ.പിയാണോ ഗവര്‍ണറാണോ എന്ന സംശയം ജനിപ്പിക്കുന്ന നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കാതിരുന്നിട്ടും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം നടത്തിയിട്ടും അതിനെയെല്ലാം മറികടന്നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന എന്ന കടുത്ത ആരോപണമാണ് ഇതോടെ ബിജെപി നേരിടുന്നത്. വെള്ളിയാഴ്ച്ച കോടതിയില്‍ നിന്നും ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിധിയോ പരാമര്‍ശങ്ങളോ ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അത് ശക്തമായ തിരിച്ചടിയായിരിക്കും.
അതേസമയം ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പോലും യെദ്യുരപ്പയുടെ സത്യപ്രതിജ്ഞ രാഷ്ട്രീയമായി നേട്ടമുണ്ടാക്കും എന്ന വിലയിരുത്തലിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം. മന്ത്രിസഭ രൂപീകരണത്തിനുള്ള അപേക്ഷ ആദ്യം ബി.എസ്. യെദ്യുരപ്പയില്‍ നിന്നുതന്നെ വാങ്ങുമെന്ന് ഗവര്‍ണര്‍ ഉറപ്പുവരുത്തി. നിയമസഭ കക്ഷി നേതാവായതിന് ശേഷവും കുമാരസ്വാമിക്ക് മുന്‍പ് യെദ്യൂരപ്പക്ക് കാണാന്‍ അവസരം നല്‍കി. ഇങ്ങനെ ബിജെപിയ്ക്ക് അനുകൂലമായ പല നീക്കങ്ങളും ഗവര്‍ണറില്‍ നിന്നുമുണ്ടായി. എന്നാല്‍ രാത്രിയ്ക്ക് രാത്രി കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെ ബിജെപിയുടെ നീക്കങ്ങള്‍ പ്രതിസന്ധിയിലാണ്.
രാവിലെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമോ എന്നറിയാന്‍ പുലര്‍ച്ചെ അഞ്ചര വരെ രാജ്യം കാത്തുകെട്ടിയിരിക്കേണ്ട അവസ്ഥ ഉണ്ടായി. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള അനിശ്ചിത്വത്തിനൊടുവിലാണ് യെദ്യൂരപ്പ ഇന്ന് അധികാരമേറ്റത്.
അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മൂന്ന്മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്!ഞ തടസ്സപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇത് താല്‍കാലികമായ ഒരു രക്ഷപ്പെടലാണ് എന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്. ബിജെപിയെ അധികാരമേല്‍ക്കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ യെദ്യൂരപ്പ എംഎല്‍എമാരുടെ പിന്തുണ അറിയിച്ചു കൊണ്ട് നല്‍കിയ കത്ത് പരിശോധിക്കണമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
ഈ കത്ത് കൈയിലെത്താനുള്ള സാങ്കേതികമായ കാത്തിരിപ്പ് മാത്രമാണ് നാളെ രാവിലെ വരെയുണ്ടാവുന്നത്. ആ കത്ത് പരിശോധിച്ച ശേഷം യെദ്യൂരപ്പയ്ക്ക് ആവശ്യമായ ഭൂരിപക്ഷമില്ലെന്ന് സുപ്രീംകോടതിയ്ക്ക് ബോധ്യപ്പെട്ടാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ അധികാരമേറ്റ് മണിക്കൂറുകള്‍ കൊണ്ട് രാജിവച്ച മുഖ്യമന്ത്രി എന്ന സന്തോഷകരമല്ലാത്ത വിശേഷണം യെദ്യൂരപ്പയ്ക്ക് ലഭിക്കും. ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ഗവര്‍ണറും കേന്ദ്രസര്‍ക്കാരും ബിജെപിയും തലയിലേല്‍ക്കുകയും വേണ്ടി വരും.
മുന്നില്‍ നില്‍ക്കുന്ന ഇത്തരം അപകടകരമായ സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ദക്ഷിണേന്ത്യയില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടും അതിനൊത്ത സന്തോഷം ബിജെപി ക്യാംപില്‍ കാണാതിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ഗഡ്കരി തുടങ്ങിയ സീനിയര്‍ നേതാക്കളെല്ലാം തന്നെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള കാരണവും മറ്റൊന്നല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam