നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

By Web TeamFirst Published Jan 2, 2019, 5:29 PM IST
Highlights

നാളെ സംസ്ഥാന വ്യാപകമായി ശബരിമല കർമ്മസമിതിയുടെ ഹര്‍ത്താല്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.

തിരുവനന്തപുരം: കേരള സർവകലാശാല നാളെ(വ്യാഴം) നടത്താനിരുന്ന എല്ലാ പരീക്ഷകളും  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നാളെ നടത്താനിരുന്ന ഹയർസെക്കൻഡറി അർദ്ധ വാർഷിക പരീക്ഷ വെള്ളിയാഴ്ചയിലേക്ക് മാറ്റി. 

ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകള്‍ മാറ്റി. പരീക്ഷ ശനിയാഴ്ച നടത്തും. സമയത്തില്‍ മാറ്റമില്ല. നാളെ സംസ്ഥാന വ്യാപകമായി ശബരിമല കർമ്മസമിതിയുടെ ഹര്‍ത്താല്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. 

നാളത്തെ ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യകേരളം തിരുവനന്തപുരം നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം മാറ്റി വെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അതേസമയം ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കർമസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുകയാണ്. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം . സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനടുത്ത് എത്തിയ 4 സ്ത്രീകള്‍ അറസ്റ്റിലായി. 

click me!