Latest Videos

തൊട്ടതെല്ലാം പിഴച്ച ആഭ്യന്തര വകുപ്പിന് സുപ്രീം കോടതി നല്‍കിയത് വലിയ തിരിച്ചടി

By Web DeskFirst Published Apr 24, 2017, 6:22 AM IST
Highlights

സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും നിയമപരമായും രാഷ്ട്രീയമായുമുള്ള വലിയ തിരിച്ചടിയാണ് ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകള്‍ പാര്‍ട്ടിക്ക് അകത്തും മുന്നണിയിലും ഒട്ടേറെ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം ദയനീയമായി മുന്നോട്ട് പോകുന്നതിനിടെ ഡി.ജി.പിയെ മാറ്റിയ സര്‍ക്കാര്‍ തീരുമാനവും സുപ്രീം കോടതി റദ്ദാക്കിയതോടെ സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

എന്തിനാണ് സെന്‍കുമാറിനെ സംസ്ഥാന പൊലീസ് സ്ഥാനത്ത് നിന്ന് മാറ്റിതെന്നതിന് പോലും ശരിയായ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. സെന്‍കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ നിയമസഭയില്‍ പോലും ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് സുപ്രീം കോടതി വിധി ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. സര്‍വ്വീസിലുടനീളം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ടി.പി സെന്‍കുമാറിനെ മാറ്റി പകരം കൊണ്ടുവന്ന ലോക്നാഥ് ബെഹ്റക്ക് പ്രവര്‍ത്തന മികവിന്റെ കാര്യത്തില്‍ സെന്‍കുമാറിന് ഒപ്പമെത്താന്‍ കഴിയാതിരുന്നത് അന്നു മുതല്‍ തന്നെ സര്‍ക്കാറിനെതിരായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. ലോക്നാഥ് ബെഹ്റയുടെ പ്രവര്‍ത്തനം വളരെ മോശമാണെന്ന് വിലയിരുത്തലാണ് ഇപ്പോള്‍ ഇടത് മുന്നണിക്ക് പോലുമുള്ളത്. തൊട്ടതെല്ലാം ആഭ്യന്തര വകുപ്പിന് പിഴച്ചുവെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ സി.പി.എം നേതാക്കളും സി.പിഐയും എത്തി നില്‍ക്കുന്നത്.

ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സെന്‍കുമാറിനെതിരെ നല്‍കിയ കുറിപ്പുകളും വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കുറ്റപത്രത്തിന്റെ സ്വഭാവത്തില്‍ ആഭ്യന്തര സെക്രട്ടറി കുറിപ്പ് തയ്യാറാക്കിയതെന്ന് അറിയില്ലെന്ന് സെന്‍കുമാര്‍ ഇന്ന് പറഞ്ഞിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പ് ആധാരമാക്കി നിയമസഭയില്‍ സെന്‍കുമാറിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. ഒരു ഉദ്ദ്യോഗസ്ഥനെതിരെ ഇത്തരത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിമാര്‍ സംസാരിക്കുന്നതും അപൂര്‍വ്വമാണ്. തനിക്കെതിരായ കുറിപ്പ് നല്‍കിയ ആഭ്യന്തര സെക്രട്ടറിയുടെ നടപടിക്കെതിരെ മറ്റ് നിയമനടപടികള്‍ ആലോചിക്കുമെന്ന സൂചനയും ഇന്ന് സെന്‍കുമാര്‍ നല്‍കി. സുപ്രീം കോടതി വിധിയില്‍ ഇനി സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയെടുക്കുമെന്നതായിരിക്കും ശ്രദ്ധേയം. കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കിയാലും വിധിക്ക് മാറ്റമുണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാതെ സര്‍ക്കാറിന് മുന്നില്‍ മറ്റ് വഴികളില്ലാതായിരിക്കുകയാണ്.

click me!