
കോഴിക്കോട്: മായം കലര്‍ന്ന ശര്‍ക്കരക്കെതിരെ കോഴിക്കോട്ടെ വ്യാപാരികള്‍. ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ച് വ്യാപാരി സംഘടന.
തുണികള്‍ക്ക് നിറം നല്‍കുന്ന മാരക രാസവസ്തു റോഡമിന്‍ ബി ശര്‍ക്കരയില്‍ കലര്‍ത്തുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ വ്യാപാരികള്‍ മായം കല്‍ത്തിയ ശര്‍ക്കരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാലങ്ങളോളം കേട്കൂടാതിരിക്കാനും നിറം നിലനിര്‍ത്താനുമായി ചേര്‍ക്കുന്ന റോഡമിന്‍ ബി അര്‍ബുദ രോഗം വരെ ഉണ്ടാക്കുന്നതാണ്.
ഇത്തരം ശര്‍ക്കര യാതൊരു കാരണവശാലും സ്വീകരിക്കില്ലെന്ന് തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലെ വില്‍പ്പനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് വ്യാപാരി സംഘടന. മായം കലര്‍ന്ന ശര്‍ക്കര കണ്ടെത്താന്‍ ചെക്ക് പോസ്റ്റുകളില്‍ കാര്യക്ഷമമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വ്യാപാരി സംഘടന സമീപിച്ചു.
തുണികള്‍ക്ക് നിറം നല്‍കുന്ന രാസവസ്തു അപകടകരമായ അളവിലാണ് ശര്‍ക്കരയില്‍ ചേര്‍ക്കുന്നത്. ചെറിയ അളവില്‍ പോലും ശരീരത്തിനുള്ളിലെത്തിയാല്‍ ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഇടയാക്കുന്ന റോഡമിന്‍ ബിയുടെ സാന്നിധ്യം ശര്‍ക്കരയിലുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam