സെക്സ് മാഫിയയുടെ മനുഷ്യക്കടത്തിനെതിരെ നടപടി വേണമെന്ന് ആവശ്യം

By Web DeskFirst Published Nov 29, 2016, 6:52 PM IST
Highlights

തിരുവനന്തപുരം: സ്ത്രീകളെ ഗൾഫിലേക്ക് കടത്താൻ ഒത്താശ ചെയ്യുന്ന എമിഗ്രേഷൻ  ഉദ്യോഗസ്ഥർക്കും അനധികൃത ട്രാവൽ ഏജൻസികൾക്കുമെതിരെ  അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. ഇന്ത്യയിൽ നിന്നും സ്ത്രീകളെ കൊണ്ടുവരാൻ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കർശനമായ നിബന്ധനകൾ ഉണ്ടെന്നിരിക്കെ നിയമങ്ങൾ മറികടന്നാണ് പലരും സ്ത്രീകളെ ഗൾഫിലെത്തിക്കുന്നത്.തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രെഷൻ ഉദ്യോഗസ്ഥരും ട്രാവൽ ഉടമയും തമ്മിൽ ബന്ധമുണ്ടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

സാമ്പത്തിക പരാധീനതകൾ മൂലം ഗൾഫിൽ ജോലി അന്വേഷിച്ചെത്തിയ സ്ത്രീയെ കിൻഡർ കാർഡനിൽ ജോലിക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഒരു ലക്ഷം രൂപ വാങ്ങി തമ്പാനൂരിലെ ഏജൻസി ഗൾഫിലെത്തിച്ചത്. സന്ദർശക വിസയിൽ ദോഹയിലെത്തിയ യുവതിയെ ട്രാവൽ ഏജൻസിയുടെ പ്രതിനിധി അനാശാസ്യത്തിന് നിർബന്ധിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് സംഘത്തിലെ മലയാളികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യമായ തൊഴിൽ കരാറോ ആവശ്യമായ രേഖകളോ ഇല്ലാതെ ജോലിക്കെത്തുന്ന സ്ത്രീകൾ  ഇത്തരം ചതിക്കുഴികളിൽ അകപ്പെടുന്നതിനു പുറമെ ശക്തമായ നിയമ വ്യവസ്ഥകളുള്ള  ഗൾഫ് രാജ്യങ്ങൾക്കുണ്ടാക്കുന്ന അപമാനവും ചെറുതല്ല.

 

click me!