കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി

By Web DeskFirst Published Jul 6, 2018, 9:56 AM IST
Highlights

കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പാളം തെറ്റി

കൊല്ലം: കൊല്ലം -  തിരുവനന്തപുരം പാസഞ്ചര്‍, കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പാളം തെറ്റി. ട്രെയിൻ നിര്‍ത്തിയിടുമ്പോള്‍ ചക്രങ്ങള്‍ക്കടിയില്‍ സ്ഥാപിക്കുന്ന ഉപകരണം കുരുങ്ങിയാണ് അപകടം. സംഭവത്തിൽ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

രാവിലെ ആറരയ്ക്ക് കൊല്ലം റെയില്‍വേ സ്റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിലാണ് സംഭവം. നിറയെ യാത്രക്കാരുമായി 56307 ആം നമ്പര്‍ പാസഞ്ചര്‍ ട്രയിൻ ട്രാക്കില്‍ നിന്നെടുത്തപ്പോള്‍ തന്നെ എഞ്ചിന്‍റെ മുൻ ചക്രം തെന്നിമാറി. പിന്നാലെ പുറകിലത്തെ ചക്രങ്ങളും ട്രാക്കിന് വെളിയില്‍ പോയി. സുരക്ഷാ അലാറം മുഴക്കി ഉടൻ തന്നെ അധികൃതര്‍ യാത്രക്കാരെ ട്രെയിനില്‍ നിന്ന്മാറ്റി. 

എഞ്ചിനീയറിംഗ് വിഭാഗമെത്തി ആദ്യം ബോഗികള്‍ പാളത്തില്‍ നിന്ന് പുറത്തേക്ക് എത്തിച്ചു. വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ എഞ്ചിൻ ട്രാക്കിലേക്ക് മാറ്റി. ഇതിനിടെ രണ്ടാമത്തെ ട്രാക്കിലൂടെ മറ്റൊരു എഞ്ചിൻ ഘടിപ്പിച്ച് പാസഞ്ചര്‍ ട്രെയിൻ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. 

ട്രെയിനെടുക്കുമ്പോള്‍ മുൻഭാഗത്ത് വച്ചിട്ടുള്ള തടികൊണ്ടുള്ള ഉപകരണം മാറ്റാത്തതാണ് പാളം തെറ്റാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഓപ്പറേഷൻ വിഭാഗമാണ് ഇത് ചെയ്യേണ്ടതെന്നാണ് റെയില്‍വേ വിശദമാക്കുന്നത്. മൂന്ന് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലായി.
 

click me!