ജനമൈത്രി പൊലീസ് സിനിമ സംവിധാനം ചെയ്തത്  ഭിന്നലിംഗക്കാരെ തല്ലിച്ചതച്ച അതേ സിഐ!

By Web DeskFirst Published Jul 7, 2017, 11:21 AM IST
Highlights

തിരുവനന്തപുരം: ഒരു കോള്‍. അല്ലെങ്കില്‍ ഒരു വാട്ട്സാപ്പ് മെസേജ്. പൊലീസ് നിങ്ങള്‍ക്കരികിലെത്തും. ഈയടുത്ത് കൊച്ചി സിറ്റി പൊലീസ് തയ്യാറാക്കിയ കാവലാള്‍ പദ്ധതി ചുരുക്കത്തില്‍ ഇതാണ്. പദ്ധതിയുടെ ഭാഗമായി പൊലീസ് പുറത്തിറക്കിയ ഷോര്‍ട്ട് ഫിലിമിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. സി.ഐ അനന്തലാല്‍. അതെ,  കൊച്ചിയില്‍ കഴിഞ്ഞ ദിവസം ഭിന്നലിംഗക്കാരെ അറസ്റ്റ് ചെയ്ത് ക്രൂരമായി കൈകാര്യം ചെയ്ത അതേ സി.ഐ. തങ്ങളെ സിഐ കള്ളക്കേസില്‍ കുടുക്കുകയും സ്റ്റേഷനില്‍ ക്രൂരമായി മര്‍ക്കുകയും കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കക്കൂസ് ചൂണ്ടിക്കാണിക്കുകയും ചെയ്തതായി അറസ്റ്റിലായ ഭിന്നലിംഗക്കാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. 

അടുത്തകാലത്താണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും വേഗത്തില്‍ പോലീസ് സുരക്ഷയൊരുക്കുന്നതിനും കാവലാള്‍ പദ്ധതി നടപ്പിലാക്കിയത്. 7559899100 എന്ന മൊബൈല്‍ നമ്പരിലേക്ക് വിളിക്കുകയോ പരാതി വാട്ട്സാപ്പിലൂടെ അറിയിക്കുകയോ ചെയ്താല്‍ ഉടന്‍ പോലീസെത്തും എന്നതാണ് പദ്ധതിയുടെ സ്വഭാവം. 

പദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് സിറ്റി പോലീസ് ഷോര്‍ട്ട് ഫിലിം ഇറക്കിയത്. ചലച്ചിത്ര താരങ്ങളായ കാവ്യമാധവന്‍, ശ്വേത മേനോന്‍, വിജയ്ബാബു, അഞ്ജു അരവിന്ദ്, കൃഷ്ണപ്രഭ, സോന അല്‍ത്താഫ്, റോഷ്ന അന്ന, സുധീര്‍, കൃഷ്ണ തുടങ്ങിയവരൊക്കെ അഭിനയിച്ച ആ ഹ്രസ്വ ചിത്രം ജനപ്രിയ പൊലീസിന്റെ സുന്ദരമുഖമാണ് അനാവരണം ചെയ്യുന്നത്. എന്നാല്‍, ഈ ചിത്രം സംവിധാനം ചെയ്ത സിഐ അനന്തലാല്‍, ചിത്രത്തിലെയും പദ്ധതിയിലെയും ആശയത്തിന് തികച്ചും വിരുദ്ധമായ രീതിയില്‍, തങ്ങളോട് കാണിച്ചത് തികച്ചും ജനവിരുദ്ധവും മനുഷ്യവിരുദ്ധവുമായ സമീപനമാണെന്നാണ് അറസ്റ്റിലായ ട്രാന്‍സ് ജെന്‍ഡറുകള്‍ പറയുന്നത്. സിഐ പറയുന്ന ജനങ്ങളുടെയും മനുഷ്യരുടെയും പട്ടികയില്‍ തങ്ങള്‍ പെടാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യമാണ് ഭിന്നലിംഗ സൗഹൃദ സംസ്ഥാനമെന്ന് സ്വയം ഞെളിയുന്ന കേരളത്തിലിരുന്ന് ഇവര്‍ ചോദിക്കുന്നത്. 

ഒരുവശത്ത് ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നുവെന്ന തോന്നലുണ്ടാക്കുകയും അതേ സമയം സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഇടം കൊടുക്കേണ്ട ഭിന്നലിംഗക്കാരെ തല്ലിയോടിക്കുകയും ചെയ്യുകയാണ് പൊലീസ് എന്നാണ് ഈ ഭിന്നലിംഗക്കാര്‍ തുറന്നു പറയുന്നത്. നീതി നടപ്പാക്കേണ്ട പോലീസ് അധികാരത്തിന്റെ മുഷ്‌കില്‍ വെറും മര്‍ദ്ദന ഉപകരണമായി മാറുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

സെന്റ്രല്‍ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനിലെ സിഐ ആണ് എ അനന്തലാല്‍. കൊച്ചിയിലെ വിവാദമായ പല കേസുകളിലെയും അന്വേഷണ ഉദ്യോഗസ്ഥന്‍. കഞ്ചാവ് വേട്ട, നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവര്‍ ഉള്‍പ്പെട്ട മയക്കുമരുന്ന് കേസ് തുടങ്ങിയവയിലെല്ലാം സി.ഐ എ അനന്തലാലിന്റെ പേരുണ്ടായിരുന്നു. അവസാനം നടിയെ അക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാനെത്തിയ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിനെ കോടതിക്ക് ഉള്ളില്‍ വച്ച് വലിച്ചിഴച്ച് നാടകീയമായി അറസ്റ്റ് ചെയ്തതും ഇതേ അനന്തലാലാണ്.

ആദ്യമായല്ല ഭിന്നലിംഗക്കാര്‍ പോലീസിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നത്. കൊച്ചിയിലും തൃശൂരിലും തിരുവനന്തപുരത്തുമെല്ലാം ഭിന്നലിംഗക്കാര്‍ പൊലീസിനാല്‍ ആക്രമിക്കപ്പെടുകയാണ്. ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസമൂഹം അരികുവല്‍ക്കരിച്ചവരെ പോലീസും തുരത്തിയോടിക്കുകയാണ്.  

click me!