ശബരിമലയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ട്രാൻസ്ജെൻഡേഴ്‌സ് ഡിജിപി എ ഹേമചന്ദ്രന് പരാതി നല്‍കി

By Web TeamFirst Published Dec 17, 2018, 1:26 PM IST
Highlights

നിരീക്ഷക സമിതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണോ എന്ന് പരിശോധിക്കുമെന്ന് പരാതിക്കാരിയോട് ഡി ജി പി എ ഹേമചന്ദ്രൻ പ്രതികരിച്ചു 

പത്തനംതിട്ട: കഴിഞ്ഞ ദിവസം ശബരിമലയിൽ പ്രവേശനം നിഷേധിക്കപ്പെട്ട ട്രാൻസ്ജെന്‍റേഴ്സ് ശബരിമല നിരീക്ഷക സമിതി അംഗം ഡി ജി പി എ ഹേമചന്ദ്രനെ കണ്ട് പരാതി നൽകി. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ഹേമചന്ദ്രനെ കണ്ട് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ശബരിമലയിൽ ദർശനം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നിരീക്ഷക സമിതിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണോ എന്ന് പരിശോധിക്കുമെന്ന് ഡി ജി പി എ ഹേമചന്ദ്രന്‍ പ്രതികരിച്ചു. 

അതേസമയം ശബരിമലയില്‍ ട്രാന്‍സ്ജെന്‍റേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്നാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ്ജെന്‍റേഴ്സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാഹക കമ്മിറ്റി സെക്രട്ടറി കെ പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ട്രാന്‍സ്ജെന്‍റേഴ്സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു.

സുഗമമായ മണ്ഡല ഉത്സവകാലം ശബരിമലയില്‍ ഉണ്ടാകണമെന്നാണ് പന്തളം കൊട്ടാരത്തിന്‍റെ ആവശ്യം. അവിടത്തെ ആചാരങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടോ ലംഘിച്ചുകൊണ്ടോ മുന്നോട്ടുപോകാന്‍ പന്തളം കൊട്ടാരം അനുവദിക്കില്ല. കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്‍റേഴ്സിനെ എരുമേലിയില്‍ തടഞ്ഞത് പൊലീസിന്‍റെ സമയോജിത നടപടിയാണ്. യുവതികളുടെ വേഷത്തില്‍ എത്തിയതാണ് അവരെ തടയാന്‍ കാരണം. അത് അനാവശ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. 

ശബരിമലയില്‍ അത്തരം പ്രശ്നങ്ങളുണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിച്ചത്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ടെന്നും വര്‍മ്മ പറഞ്ഞതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!