എംപാനൽ ജീവനക്കാരുടെ സമരം സർക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാൻ; ജീവനക്കാർ ആത്മ പരിശോധന നടത്തണം: ഗതാഗതമന്ത്രി

By Web TeamFirst Published Jan 21, 2019, 3:43 PM IST
Highlights

മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് നടക്കുന്നത്. പ്രശ്നം സങ്കീർണമാണ്. സമരം നടത്തുന്നവർ ആത്മ പരിശോധന നടത്തണമെന്നും എ കെ ശശീന്ദ്രന്‍

കോഴിക്കോട്: എംപാനൽ ജീവനക്കാർ സമരത്തിലൂടെ സർക്കാരിനെ സമ്മർദ്ധത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കെ എസ് ആര്‍ ടി സിയിൽ നിന്ന് പുറത്തായ താത്ക്കാലിക ജീവനക്കാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.  

മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടൽ ആണ് നടക്കുന്നത്. പ്രശ്നം സങ്കീർണമാണ്. സമരം സർക്കാരിനെ സമ്മർദ്ദത്തിലാക്കാനാണെന്ന് കോടതി വ്യാഖ്യാനിച്ചേക്കാം. സമരം നടത്തുന്നവർ ആത്മ പരിശോധന നടത്തണമെന്നും എ. കെ. ശശീന്ദ്രൻ പറഞ്ഞു. 

അതേസമയം സർക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാണ് ജീവനക്കാരുടെ കൂട്ടായ്മയുടെ ആരോപണം. സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം തുടരുമ്പോഴും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയാണ് പിരിച്ചുവിടപ്പെട്ടവരുടെ കൂട്ടായ്മ. കുടുംബാംഗങ്ങളെക്കൂടി അണിനിരത്തിയാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം 

പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താത്ക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയിൽ ഹർജിനൽകാനായിരുന്നു സുപ്രീംകോടതി നി‍ർദ്ദേശം. 

സമരത്തോടും പ്രതിഷേധങ്ങളോടും നിഷേധാത്മക സമീപനമാണ് തൊഴിലാളി യൂണിയനും സർക്കാരും സ്വീകരിച്ചതെന്ന് പിരിച്ചുവിടപ്പെട്ടവർ പറഞ്ഞു. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. കോടതി വിധി പ്രതികൂലമായാൽ, അർഹമായ നഷ്ടപരിഹാരമെങ്കിലും കിട്ടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഇവരുടെ തീരുമാനം.
 

click me!