പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ എതിര്‍പ്പുമായി രാജകുടുംബം

By Web DeskFirst Published Jul 6, 2017, 8:04 AM IST
Highlights

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് തിരുവിതാംകൂര്‍ രാജകുടുംബം. ബി നിലവറ തുറക്കുന്നത് ആചാരത്തിനും വിശ്വാസത്തിനും എതിരാണ്. ബി നിലവറ തുറന്ന് പരിശോധിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തോടാണ് രാജകുടുംബത്തിന്റെ പ്രതികരണം.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരത്തിന്റെ യഥാര്‍ത്ഥ കണക്കെടുപ്പ് പൂര്‍ത്തിയാകാന്‍ ബി നിലവറ കൂടി തുറക്കണമെന്നാണ് സുപ്രീംകോടതിയുടെ നിലപാട്. വിശ്വാസം വ്രണപ്പെടില്ലെന്നും കണക്കെടുപ്പ് സുതാര്യമാകുന്നതോടെ ആശങ്കകള്‍ അകലുമെന്നും നിരീക്ഷിച്ച കോടതി ഇത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി. രാജകുടുംബവുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ വിശ്വാസപരമായും വാസ്തുവിദ്യ പ്രകാരവും ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ബി നിലവറ തുറക്കുന്നതിനോട് യോചിപ്പില്ലെന്നാണ് രാജകുടുംബം പറയുന്നത്. നിലവറ തുറക്കരുതെന്ന് പ്രശ്നവിധിയില്‍ പ്രത്യേകം പറയുന്നുണ്ട്. മാത്രമല്ല നിലവില്‍ ജീവിച്ചിരിക്കുന്ന രണ്ട് തലമുറയ്‌ക്ക് നിലവറ തുറന്നത് സംബന്ധിച്ച് ഒരറിവും ഇല്ല. 1905 ലും 1931 ലും നിലവറ തുറന്നെന്ന വാദത്തിനും വിശദീകരണമുണ്ട്. രണ്ട് തട്ടുകളുള്ള നിലവറയുടെ ആദ്യ ഭാഗം മാത്രമാണ് അന്നും തുറന്നിട്ടുള്ളതെന്നാണ് രാജകുടുംബാംഗങ്ങള്‍ പറയുന്നത്. ആറ് നിലവറകളുള്ള പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഏറ്റവും പ്രധാനം ബി നിലവറയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ഭരത കോണില്‍ അഗസ്ത്യമുനിയുടെ സമാധി സങ്കല്‍പ്പത്തിന് സമീപമുള്ള നിലവറയ്‌ക്ക് കരിങ്കല്‍ വാതിലുകളാണ്. 2011 ല്‍ നിലവറ തുറക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു.

 

click me!