
കുവൈത്തില്‍ ശമ്പള വര്‍ധനവ് കിട്ടാനായി കൈക്കൂലി നല്‍കിയ കേസില്‍ മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്ക് യാത്രാവിലക്ക്. ആരോഗ്യ മന്ത്രാലയത്തിലെ 57-ഓളം നഴ്‌സുമാര്‍ക്കാണ് യാത്രാവിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ നേരിട്ട് ജോലി ചെയ്യുന്ന 57-ഓളം നഴ്‌സുമാര്‍ക്കാണ് യാത്രാവിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതില്‍ ഇന്ത്യക്കാരാണ് അധികവും. മലയാളികളും,തമിഴ്നാട്ടില്‍ നിന്നുള്ളവരുമാണ് ഇതില്‍ അധികവും. വാര്‍ഡുകള്‍ വഴി ലഭിക്കുന്ന റിസ്‌ക് അലവന്‍സുകള്‍ കരസ്ഥമാക്കാന്‍ കൈക്കൂലി നല്‍കിയത് പിടികൂടിയതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.എല്ലാവരും ഒരു വാര്‍ഡിലുള്ളവരാണ്. നഴ്‌സുമാരുടെ പ്രവര്‍ത്തന പരിചയം അനുസരിച്ച് 35 മുതല്‍ 70 ദിനാര്‍ വരെയാവും മാസം തോറും കൂടുക.ഇ ത് എളുപ്പത്തില്‍ കരസ്ഥമാക്കാന്‍ ഇടനിലക്കാര്‍ വഴി ഒരാള്‍ക്ക് 100 ദിനാര്‍ വീതം നല്‍കിയതാണ് പ്രശ്‌നത്തിന് ആധാരമെന്ന് കരുതുന്നു. ഇപ്രകാരം, ഇവര്‍ക്ക് അലവന്‍സ് അനുവദിച്ചു. എന്നാല്‍, ഇവരുടെ ആശുപത്രിയിലെ ഉന്നത അധികാരി അറിയാതെയാണ് ഇത് നടന്നതെന്നും, അതല്ല, അലവന്‍സ് ലഭിക്കാന്‍ സമയം ആയിട്ടും കിട്ടാത്തവര്‍ നല്‍കിയ പരാതിയാണന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ന്ന് മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അതിനിടെ, പണം കരസ്ഥമാക്കിയ ഇടനിലക്കാരന്‍ ഈജിപ്ത് സ്വദേശി രാജ്യം വിട്ടതായും പറയുന്നുണ്ട്. മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ പരിശോധനയില്‍ കൈക്കൂലി നല്‍കാനായി പലരുടെയും കൈവശം നിന്ന് പണം കളക്ട് ചെയ്ത മലയാളി നഴ്സ്സിനെ ചോദ്യം ചെയ്തിട്ടുണ്ട്. അവര്‍ അത് സമ്മതിക്കുകയും എല്ലാവരുടെയും പേരുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് മന്ത്രാലയം മറ്റ് നിയമ നടപടികളിലേക്ക് നീങ്ങിയതോടെയാണ് ഇപ്പോള്‍ യാത്രാവിലക്ക് വന്നിരിക്കുന്നത്. അന്വേഷണത്തിന് ശേഷം നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന അലവന്‍സ് റദ്ദു ചെയ്യും. കഴിഞ്ഞ ആഴ്ചയില്‍ മലയാളിയായ ഒരു നഴ്‌സിന്റെ അമ്മ മരിച്ചിട്ട് പോലും നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പലരും യാത്രവിലക്ക് അറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam