ജെൻസി നേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക കലാപം. അക്രമങ്ങളെ അപലപിച്ച ഇടക്കാല സർക്കാർ, രാജ്യത്ത് സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
ധാക്ക: ജെൻസി നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. മതനിന്ദ ആരോപിച്ച് ഭലുക ഉപസിലയിലെ ദിപു ചന്ദ്ര ദാസ് എന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ടെക്സ്റ്റൈൽസ് മേഖലയിൽ ജീവനക്കാരനായിരുന്നു ദിപു ചന്ദ്ര ദാസെന്ന് ബംഗ്ലാദേശിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അക്രമത്തെ അപലപിച്ചു . 'പുതിയ ബംഗ്ലാദേശിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന്' ഇടക്കാല സർക്കാർ വ്യക്തമാക്കി. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നും അറിയിച്ചു.
പ്രവാചകനെ കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ ഒരു കൂട്ടം പ്രദേശവാസികൾ ദിപു ചന്ദ്ര ദാസിനെ ആക്രമിച്ചത്- "മൈമെൻസിംഗിൽ ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പുതിയ ബംഗ്ലാദേശിൽ ഇത്തരത്തിലുള്ള അക്രമത്തിന് സ്ഥാനമില്ല. ഈ ക്രൂരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ല"- എന്നാണ് ഇടക്കാല സർക്കാർ അറിയിച്ചത്.
ചില ഒറ്റപ്പെട്ട തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ഇത്തരം അക്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഇടക്കാല സർക്കാർ പൗരന്മാരോട് അഭ്യർത്ഥിച്ചു. ബംഗ്ലാദേശ് നിർണായക ഘട്ടത്തിൽ ചരിത്രപരമായ ജനാധിപത്യ പരിവർത്തനത്തിലൂടെ കടന്നുപോകുകയാണെന്നും രാജ്യത്തിന്റെ സമാധാനത്തിലേക്കുള്ള പാതയെ തടസ്സപ്പെടുത്താൻ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും ഇടക്കാല മുന്നറിയിപ്പ് നൽകി.
ബംഗ്ലാദേശില്‍ വീണ്ടും അശാന്തി
ആഭ്യന്തര പ്രശ്നങ്ങളില്‍ നട്ടംതിരിയുന്ന ബംഗ്ലാദേശില്‍ വീണ്ടും അശാന്തി പുകയുന്നു. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്‍റെ വക്താവ് ഉസ്മാന്‍ ഹാദിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നൂറുകണക്കിനാളുകള്‍ തെരുവില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കടുത്ത ഇന്ത്യാ വിരുദ്ധനും നിലവിലെ ഭരണാധികാരി മുഹമ്മദ് യൂനസിന്‍റെ വലംകൈയുമായിരുന്ന ഹാദിയെ കഴിഞ്ഞ വെള്ളിയാഴ്ച്ച ധാക്കയില്‍ വെച്ചാണ് മുഖംമൂടിധാരികള്‍ വെടിവെച്ചത്. ഗുരുതരാവസ്ഥയിലായ ഹാദിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മരണ വാര്‍ത്ത പുറത്തു വന്നതോടെ രോഷാകുലരായ ഹാദി അനുകൂലികള്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. തലസ്ഥാനമായ ധാക്കയിലെ പ്രധാന ദിനപത്രങ്ങളായ ഡെയ്ലി സ്റ്റാറിന്‍റേയും പ്രോഥം ആലോയുടേയും ഓഫീസുകള്‍ അക്രമികള്‍ തീയിട്ടു. കുടുങ്ങികിടന്ന മാധ്യമപ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്‍റെ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ചിറ്റഗോങ് ഉള്‍പ്പെടെയുളള നഗരങ്ങളിലേക്ക് കലാപം വ്യാപിച്ചു. അക്രമികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കി.
ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നെന്ന് ആരോപിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷന്‍ ഓഫീസിനു മുന്നില്‍ കലാപകാരികള്‍ സംഘടിച്ചു. പൊലീസ് ബലം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. ഹാദിയുടെ കൊലപാതകികളെ ഉടന്‍ കണ്ടെത്തണമെന്നും ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ യൂനുസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശില്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. നയതന്ത്ര കാര്യാലയങ്ങൾക്കടുത്തുണ്ടായ അക്രമങ്ങളെ ഗൗരവമായാണ് ഇന്ത്യ കാണുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
