ട്രോളിങ് നിരോധനം ഇന്നു കഴിയും: മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക്

By Asianet NewsFirst Published Jul 31, 2016, 1:43 AM IST
Highlights

കൊല്ലം: സംസ്ഥാനത്ത് ഒന്നരമാസമായി തുടരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. വറുതികാലം കഴിഞ്ഞു ചാകര തുണയ്ക്കുമെന്ന പ്രതീക്ഷയിലാണു മത്സ്യ തൊഴിലാളികള്‍. ഏല്ലാ ബോട്ടുകള്‍ക്കും ഏകീകൃത നിറം നല്‍കണമെന്ന നിര്‍ദേശം ഇത്തവണയും നടപ്പിലായില്ല.

ജൂണ്‍ 15ന് ആരംഭിച്ച് 47 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധന കാലത്തിനാണ് ഇന്ന് അര്‍ധരാത്രിയോടെ വിരാമമാകുന്നത്. മീന്‍ തേടി വീണ്ടും കടലിലേക്കിറങ്ങാനുള്ള തയാറെടുപ്പിലാണ് മത്സ്യതൊഴിലാളികള്‍. ബോട്ടുകളും വള്ളങ്ങളും അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയാക്കി. നെയ്‌തെടുത്ത വലകള്‍ ഒരുക്കുന്നതിന്റെ തിരക്കാണ് ഇപ്പോള്‍ കടപ്പുറത്ത്.

പലരും വായ്പ എടുത്തും പണയം വച്ചുമാണ് ബോട്ടുകള്‍ നവീകരിക്കുന്നതിനാവശ്യമായ തുക കണ്ടെത്തിയത്. ട്രോളിംഗ് നിരോധനത്തിനു ശേഷമുള്ള മാസങ്ങള്‍ മത്സ്യ സമൃദ്ധിയുടേതാകുമെന്ന പ്രതീക്ഷയാണ് ഇതിനുപിന്നില്‍.

മീനിലിടാനുള്ള ഐസടക്കം പൊടിച്ച് ബോട്ടുകളില്‍ നിറച്ചു. ഇതരസംസ്ഥാനങ്ങളില്‍നിന്നും ആയിരക്കണക്കിന് മത്സ്യതൊഴിലാളികളാണ് കൊല്ലത്ത് എത്തിയിരിക്കുന്നത്. ട്രോളിംഗ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയും ഉണ്ട്.

ഒന്നരമാസക്കാലമായി വറുതിയിലായിരുന്ന ചുമട്ട്‌തൊഴിലാളിള്‍, ലേലം വിളിക്കുന്നവര്‍, മീന്‍ തരംതിരിക്കുന്നവരെല്ലാം ഇനി ഹാര്‍ബറുകളില്‍ സജീവമാകും.

click me!