ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും

By Web DeskFirst Published Jul 31, 2017, 7:16 AM IST
Highlights

തിരുവനന്തപുരം: ഒന്നരമാസത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാനുള്ള തയ്യാറെടുപ്പിലാണ്.ജിഎസ്‌ടി വന്നതോടെ മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് വില കൂടിയത് തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

ജൂണ്‍ 14 നാണ് ട്രോളിംഗ് നിരോധനം തുടങ്ങിയത്. പഴയ വലകളുടെ കേടുപാടുകള്‍ തീര്‍ക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്. ഒരു വശത്ത് പുതിയ വലകള്‍ തയ്യാറാക്കുന്നു. ബോട്ടുകളുടെ അറ്റകുറ്റപ്പണികളെല്ലാം പൂര്‍ത്തിയായി. രജിസ്റ്റര്‍ ചെയ്ത 4500 ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. സുരക്ഷയുടെ ഭാഗമായി കടലിലേക്ക് പോകുന്ന ബോട്ടുകള്‍ക്ക് ഏകീകൃത നിറം സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും പൂര്‍ണ്ണമായും നടപ്പായില്ല.

ഇക്കുറി മഴ ധാരാളം ലഭിച്ചതിനാല്‍ ചാകരക്കോളുണ്ടാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു..എന്നാല്‍ വല, ചൂണ്ട പോലുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജിഎസ്ടിയില്‍ നികുതി കൂട്ടിയത് തിരിച്ചടിയായി. ഡീസല്‍ ക്ഷമാവും പ്രതിസന്ധിയുണ്ടാക്കും. നിരോധനം കഴിഞ്ഞ്‌ ചുരുങ്ങിയത്‌ മൂന്നു ദിവസമെങ്കിലും കഴിഞ്ഞാലെ മത്സ്യവിപണി ഉണരുകയുള്ളൂ. കണവ, ചെമ്മീന്‍ തുടങ്ങിയവയാണ് ട്രോളിംഗ് നിരോധം കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന മത്സ്യങ്ങള്‍.ഇവയ്‌ക്കായി പ്രത്യേക വലകളാണ് ഒരുക്കുന്നത്.

click me!