അണ്ണാ ഡിഎംകെയില്‍ ലയന നീക്കം സജീവം

By Web DeskFirst Published Jul 31, 2017, 6:59 AM IST
Highlights

ചെന്നൈ: തമിഴ്നാട്ടില്‍ പ്രാദേശികതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് അണ്ണാ ഡിഎംകെയില്‍ ലയനനീക്കം സജീവമാകുന്നു. ഭിന്നതയിലായിരുന്ന അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനും ശശികലയുടെ സഹോദരന്‍ ദിവാകരനും തഞ്ചാവൂരില്‍ കൂടിക്കാഴ്ച നടത്തി.പാര്‍ട്ടിയെ ഒന്നിപ്പിയ്‌ക്കാനുള്ള നീക്കം തുടങ്ങിയെന്ന് പറഞ്ഞ ഇരുവരും ഒ.പനീര്‍ശെല്‍വത്തിനെതിരായ നിലപാടും മയപ്പെടുത്തി.

തമിഴ്നാട്ടിലെ രാഷ്‌ട്രീയപാര്‍ട്ടികളുടെ വോട്ടുബാങ്കിന്റെ ആണിക്കല്ലാണ് പ്രാദേശികതെരഞ്ഞെടുപ്പ്. കഴിഞ്ഞ ഒന്നരവര്‍ഷമായി മുടങ്ങിക്കിടക്കുന്ന പ്രാദേശികതെരഞ്ഞെടുപ്പ് ഉടന്‍ നടത്താനുള്ള നടപടികള്‍ തുടങ്ങണമെന്ന് മദ്രാസ് ഹൈക്കോടതി കര്‍ശനനിലപാടെടുത്ത സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെയില്‍ ലയനനീക്കം സജീവമാകുന്നത്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം സഹോദരീപുത്രന്‍ ടിടിവി ദിനകരന് ശശികല നല്‍കിയതില്‍ സഹോദരനായ വി കെ ദിവാകരന് അതൃപ്തിയുണ്ടായിരുന്നു.

അകല്‍ച്ചയിലായിരുന്ന ദിനകരനും ദിവാകരനും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിയ്‌ക്കാനാണ് കഴിഞ്ഞ ദിവസം ഇരുവരും ത‌ഞ്ചാവൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയത്.
ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രാദേശികതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുന്നത് പാര്‍ട്ടിയുടെ നിലനില്‍പിനെത്തന്നെ ബാധിയ്‌ക്കുമെന്ന് അണ്ണാ ഡിഎംകെ തിരിച്ചറിയുന്നുണ്ട്.

ജാമ്യത്തിലിറങ്ങി രണ്ട് മാസത്തിനുള്ളില്‍ പദവിയില്‍ തിരികെ പ്രവേശിക്കുമെന്നാണ് ടിടിവി ദിനകരന്‍ പറഞ്ഞിരുന്നത്. അതനുസരിച്ച് ഓഗസ്റ്റ് നാലിന് പാര്‍ട്ടി പദവികള്‍ വീണ്ടും ഏറ്റെടുക്കാന്‍ ദിനകരന്‍ എത്തിയാല്‍ അതിനെ എടപ്പാടി ക്യാംപ് എങ്ങനെ സ്വീകരിയ്‌ക്കുമെന്നും കണ്ടറിയണം.

click me!