
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറ് നിലവറകളിലായി സൂക്ഷിച്ച നിധിശേഖരം പൊതുജനങ്ങൾക്ക് ദർശനത്തിനായി വയ്ക്കാൻ സർക്കാർ ഒരുങ്ങുന്നു. നിധിശേഖരം ദര്‍ശനത്തിന് വയ്ക്കുന്ന കാര്യത്തില്‍ രാജകുടുംബം അനുകൂല തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
നിധിശേഖരം സംബന്ധിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കോടതിയുടെ അനുവാദം വാങ്ങിയ ശേഷം മാത്രമേ നിധിശേഖരം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സാധിക്കൂ. ഇതിനുള്ള നടപടിക്രമങ്ങളിലേക്കാവും ഇനി സര്‍ക്കാര്‍ നീങ്ങുക.
നിധിശേഖരത്തിന്‍റെ ദര്‍ശനമാകാം എന്നാല്‍ പ്രദര്‍ശനമാകരുത് എന്ന നിലപാടാണ് നേരത്തെ രാജകുടുംബം വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തോട് എതിര്‍പ്പില്ലെങ്കിലും നിധിശേഖരം ക്ഷേത്രവളപ്പില്‍ നിന്ന് പുറത്ത് പോകരുതെന്നാണ് രാജകുടുംബത്തിന്‍റെ നിലപാടെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് നേരത്തെ പറഞ്ഞിരുന്നു.
നൂറ്റാണ്ടുകള്‍ പഴക്കമുളളതും ലക്ഷം കോടിയിലേറെ രൂപ മൂല്യമുള്ളതുമായ നിധിശേഖരം ദര്‍ശനത്തിനായി തുറന്നു കൊടുക്കാനായാല്‍ സംസ്ഥാനത്തിന്‍റെ ടൂറിസം മേഖലയ്ക്ക് അത് വന്‍ കുതിപ്പാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇൗ വിഷയത്തിൽ വിരുദ്ധ ധ്രുവങ്ങളിലായിരുന്ന സര്‍ക്കാരും രാജകുടുംബവും വിശ്വാസ സമൂഹവും ഒരേ ദിശയില്‍ നീങ്ങിയാല്‍ നിധി ദര്‍ശന കാര്യത്തില്‍ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടുമെന്നാണ് ദേവസ്വം വകുപ്പിന്‍റെ പ്രതീക്ഷ.
ക്ഷേത്രത്തിന് സമീപം 300 കോടി രൂപ ചെലവില്‍ മ്യൂസിയം സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് നേരത്തെ ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയോടും കണ്ണന്താനം വിശദീകരിച്ചിരുന്നു. എന്നാല്‍ നിലവറയിലെ ആഭരണങ്ങള്‍ ക്ഷേത്ര മതില്‍ക്കെട്ടിനു പുറത്തേക്കു പോകുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു രാജ കുടുംബത്തിന്‍റെ നിലപാട്. ഈ സാഹചര്യത്തില്‍ ക്ഷേത്രവളപ്പില്‍ മ്യൂസിയം സ്ഥാപിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam