
ദില്ലി: നരേന്ദ്ര മോദിക്കെതിരെ 2019ല്‍ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തികാട്ടുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. നേതാവിനെ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാമെന്ന് തൃണമൂൽ നിർദ്ദേശിച്ചു. ഫെഡറൽ മുന്നണിക്ക് പിന്തുണ തേടി മമതാ ബാനർജി നവീൻ പട്നായികിനെ ടെലിഫാണിൽ വിളിച്ചു.
മാർച്ച് പതിനാല് ഇന്ത്യയുടെ പ്രതിപക്ഷ രാഷ്ട്രീയത്തിൽ പ്രധാന ദിവസമാകാൻ പോകുകയാണ്. ഉത്തർപ്രദേശിലെ ഗോരഖ് പൂർ, ഫൂൽപൂർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അന്നാണ് വരുന്നത്. ബിഎസ്പിയുടെ നിശബ്ദ പിന്തുണയോടെ സമാജ് വാദി പാർട്ടി മത്സരിക്കുന്ന കാഴ്ചയ്ക്ക് ആദ്യമായി ഇരു മണ്ഡലങ്ങളും സാക്ഷ്യം വഹിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയിട്ടുണ്ടെങ്കിലും ബിജെപി വോട്ട് കുറയ്ക്കാനുള്ള അടവുനയത്തിൻറെ ഭാഗമാണിതെന്ന് പാർട്ടി പറയുന്നു. നരേന്ദ്ര മോദിക്കെതിരെ പ്രാദേശിക പാർട്ടികളുടെ സഖ്യം ഉണ്ടാകുമോ എന്ന് ഫൂൽപൂരും ഗോരഖ്പൂരും തീരുമാനിക്കും.
എന്നാൽ നേതൃത്വം കോൺഗ്രസിനും രാഹുൽഗാന്ധിക്കും നല്കാൻ ഇവർ ഒരുക്കമല്ല. ടി ആർ എസ് നേതാവ് ചന്ദ്രശേഖർ റാവു, ഡിഎംകെ നേതാവ് സ്റ്റാലിൻ എന്നിവർക്കു പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായും മമത സംസാരിച്ചു. പ്രാദേശിക പാർട്ടികൾ ധാരണയുണ്ടാക്കി ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് നയം. നേതാവിനെ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാം എന്നാണ് തൃണമൂലിൻറെ വാദം. എന്നാൽ ഇതൊക്കെ കുറെ കണ്ടതാണെന്നാണ് ബിജെപി പ്രതികരണം. പശ്ചിമബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും ഒന്നിക്കുന്നത് തടയുക എന്ന രഹസ്യ അജണ്ട കൂടി മമതയുടെ ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam