മുത്തലാഖ് ബില്ല് പാസാകാതെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം

By Web DeskFirst Published Jan 5, 2018, 3:07 PM IST
Highlights

ദില്ലി: മുത്തലാഖ് ബില്‍  പാസാക്കാതെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് പിരിയും. ബില്ലില്‍  വിട്ടുവീഴ്ചക്കില്ലെന്ന് ഇന്നും പ്രതിപക്ഷം വ്യക്തമാക്കി. ബജറ്റ് സമ്മേളനത്തിലായിരിക്കും ബില്ല് ഇനി പരിഗണിക്കുക. മുത്തലാഖ് ബില്ലിൽ ഇന്നലെ അവതരിപ്പിച്ചിടത്തു ഇന്നത്തെ നടപടികൾ തുടങ്ങണം എന്നാവശ്യപ്പെട്ടായിരുന്നു ആദ്യം പ്രതിപക്ഷം ബഹളം. പിന്നീട് ഭേദഗതിയുണ്ടെങ്കിൽ അംഗീകരിക്കാം എന്ന നിലപാടിലേക്ക് പ്രതിപക്ഷം മാറി. 

മുത്തലാഖ് ചൊല്ലുന്ന പുരുഷൻ ജയിലിലാകുമ്പോൾ ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് ജീവനാംശം സർക്കാർ നല്കണം എന്ന ഭേദഗതിയാണ് ഗുലാംനബി ആസാദ് മുന്നോട്ടു വച്ചത്. എന്നാൽ പ്രതിപക്ഷ ആവശ്യം ബില്ല് അട്ടിമറിക്കാനാണെന്ന് സർക്കാർ വാദിച്ചു.സ്മൃതി ഇറാനിക്കും ഡെറിക് ഓബ്രിയനും ഇടയിൽ ഇതിനിടെ വാദ പ്രതിവാദം നടന്നു. പ്രതിപക്ഷം സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ട് നടുത്തളത്തിൽ ഇറങ്ങിയതോടെ സഭ പിരിഞ്ഞു. 

ബില്ല് സെലക്ട് കമ്മിറ്റിക്കു വിടുന്നത് തടയാൻ സർക്കാരിനായി സെലക്ട് കമ്മിറ്റിക്കു പോയില്ലെങ്കിലും ബില്ല് കോ‍ൾഡ് സ്റ്റോറേജിലാക്കാൻ പ്രതിപക്ഷത്തിനായി. ബില്ലിന് ബജറ്റ് സമ്മേളനത്തിലേ ഇനി പരിഗണിക്കാനാകൂ. അപ്പോഴേക്കും ചില പ്രാദേശിക പാർട്ടികളെ ഒപ്പം കൊണ്ടു വരാം എന്നാണ് ബിജെപി കരുതുന്നത്. ബില്ല് പാസാക്കാം എന്ന പ്രതീക്ഷയിൽ നിരവധി മുസ്ലിം സ്ത്രീകളെ രാജ്യസഭാ ഗ്യാലറിയിൽ എത്തിച്ച സർക്കാരിന് രാജ്യസഭയിൽ കാലിടറി. ഒപ്പം മുത്തലാഖ് ബില്ലിലെ ഈ പ്രതിപക്ഷ ഐക്യം 2018ലെ രാഷ്ട്രീയ ഇന്ത്യ എന്താവും എന്ന സൂചന കൂടിയായി.

click me!