ബിജെപിയെ ജയിപ്പിക്കാന്‍ കേരളത്തിനും സാധിക്കും, ത്രിപുരയില്‍ സല്‍ഭരണത്തിനുള്ള വിധിയെഴുത്ത്: കുമ്മനം

By Web DeskFirst Published Mar 3, 2018, 6:36 PM IST
Highlights
  • കോണ്‍ഗ്രസ് അപ്രസക്തമായി.
  • ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ്.

തിരുവനന്തപുരം: സല്‍ഭരണത്തിനായുള്ള ജനാഭിലാഷമാണ് ത്രിപുരയില്‍ പ്രകടമായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാല്‍നൂറ്റാണ്ടുകാലം ത്രിപുര ഭരണം അടക്കിവാണ സിപിഎം ജനങ്ങളെ വെറും അടിമകളായാണ് കണക്കാക്കിയത്. അതില്‍നിന്നും മോചനം നേടാനുള്ള ആദ്യ അവസരം തന്നെ ജനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി കുമ്മനം ചൂണ്ടിക്കാട്ടി.

വികസനം തിരിഞ്ഞുനോക്കാത്ത സംസ്ഥാനമായി ത്രിപുരയെ സിപിഎം മാറ്റി. മതിയായ വിദ്യാലയങ്ങളോ ആശുപത്രികളോ അടിസ്ഥാനസൗകര്യമോ ഏര്‍പ്പെടുത്താന്‍ സിപിഎം ഭരണത്തിനായിട്ടില്ല. കേന്ദ്രവിഹിതം ശരിയാംവണ്ണം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മതേതര ശക്തികള്‍ ഒന്നിച്ചുനില്‍ക്കാത്തതാണ് ത്രിപുരയിലെ ഫലമെന്ന നിരീക്ഷണം നിര്‍ത്ഥകമാണ്. അവിടെ ബിജെപിയും സിപിഎമ്മും നേരിട്ട് മത്സരമായിരുന്നു. കോണ്‍ഗ്രസ് അപ്രസക്തമായി. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് അനുകരണീയ മാതൃകയാണ്. മാറിമാറി ഭരണം പങ്കിട്ടെടുത്ത് ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്‌സിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും മാറ്റി പുതിയൊരു ശക്തിയാക്കി ബിജെപിയെ ജയിപ്പിക്കാന്‍ കേരളത്തിനും സാധിക്കുമെന്നാണ് ത്രിപുര നല്‍കുന്ന പാഠം.

മതേതര വായ്ത്താരി മുഴക്കുന്ന ബിജെപി വിരുദ്ധര്‍ നാഗാലാന്റിലെയും മേഘാലയത്തിലെ ഫലം കൂടി മനസ്സിലാക്കണം. ക്രൈസ്തവ സമൂഹത്തിന് വന്‍ മേല്‍ക്കൈയുള്ള ഇവിടങ്ങളിലും ബിജെപി നല്ല നിലയില്‍ അംഗീകരിക്കപ്പെട്ടു. 75 ശതമാനം ക്രൈസ്തവരുള്ള നാഗാലാന്റില്‍ ഭൂരിപക്ഷം നേടാനും ബിജെപിക്ക് കഴിഞ്ഞത് കുമ്മനം ചൂണ്ടിക്കാട്ടി
 

click me!