
അഗര്‍ത്തല: തൃപുരയിൽ നാളെ ജനവിധി. കാൽനൂറ്റാണ്ടിന്‍റെ സിപിഎം രാഷ്ട്രീയം തൃപുരയിൽ അവസാനിക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോൾ സര്‍വേകളും പ്രവചിച്ചത്. എന്നാൽ ബി.ജെ.പിക്ക് വോട്ടുകൂടുമെങ്കിലും അധികാരം കിട്ടില്ലെന്ന് പ്രവചിച്ച സര്‍വേകളുമുണ്ട്. ആദിവാസി വോട്ടുകളാകും ഇത്തവണ തൃപുര രാഷ്ട്രീയത്തിന്‍റെ ഗതി നിര്‍ണയിക്കുക.
60 അംഗ നിയമസഭയിൽ 59 സീറ്റിലേക്കാണ് കഴിഞ്ഞ 18ന് വോട്ടെടുപ്പ് നടന്നത്. 76 ശതമാനം വോട്ട് രേഖപ്പെടുത്തിയ തൃപുരയിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്ന പ്രവചനമാണ് പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റപോൾ സര്‍വേകളും നടത്തിയത്. എന്നാൽ ഇടതുപക്ഷം അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ച സര്‍വേകളുമുണ്ട്. തൃപുരയിലെ പ്രാദേശിക ചാനലുകൾ നടത്തിയ സര്‍വേകളില്‍ സിപിഎം 40 മുതൽ 45 സീറ്റുവരെ നേടുമെന്നാണ് പറയുന്നത്.
അതേസമയം ബി.ജെ.പിയുടെ വോട്ടുവിഹിതം 2013ലെ ഒന്നര ശതമാനത്തിൽ നിന്ന് 45 ശതമാനത്തിലേക്ക് ഉയരാനുള്ള സാധ്യതയും സര്‍വേകൾ നൽകിയിരുന്നു. 36 ശതമാനത്തോളമുള്ള കോണ്‍ഗ്രസിന്‍റെ വോട്ട് ഏതാണ്ട് പൂര്‍ണമായി തന്നെ ബി.ജെ.പിക്കും മറ്റ് പാര്‍ടികളിലേക്കുമായി പോകാനും സാധ്യതയുണ്ട്. 34 ശതമാനം വരുന്ന ആദിവാസി വോട്ടും 10 ശതമാനത്തോളം വരുന്ന പിന്നോക്ക സമുദായ വോട്ടും തൃപുരയിലെ രാഷ്ട്രീയത്തിൽ ഇത്തവണ നിര്‍ണായകമാകും.
വടക്കൻ തൃപുരയിലെ 20 ആദിവാസി സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 ഇടത്ത് സിപിഎമ്മാണ് വിജയിച്ചത്. ഇത്തവണ ആദിവാസി സംഘടനയായ ഐ.പി.എഫ്.ടിയുമായി ബി.ജെ.പി ഉണ്ടാക്കായ സഖ്യം വലിയ ചര്‍ച്ചയായിരുന്നു. ആദിവാസി സീറ്റുകളിൽ പകുതിയെങ്കിലും ബി.ജെ.പി ഐപി.എഫ്.ടി സഖ്യത്തിലേക്ക് പോകാനും ഇടയുണ്ട്. ഇതോടൊപ്പം നഗരപ്രദേശങ്ങളിലും ബി.ജെ.പിക്ക് മേൽകൈ കിട്ടിയേക്കും.
അതേസമയം പരമ്പരാഗത ബംഗാളി വിഭാഗ വോട്ടും ആദിവാസി-പിന്നോക്ക വോട്ടുകളും ചതിക്കില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് സിപിഎം മുന്നോട്ടുപോകുന്നത്. ബംഗാളിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതുപോലൊരു സാഹചര്യം തൃപുരയിൽ ഉണ്ടായിട്ടില്ല. നാല് തവണ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് സംസ്ഥാനത്തെ 60 ശതനാനത്തോളം ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഏതാണ്ട് എല്ലാ സര്‍വ്വേകളും പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam