സമ്പൂർണ പാർപ്പിട ജില്ലയാകാൻ തൃശൂർ

By Web DeskFirst Published Mar 30, 2017, 2:54 PM IST
Highlights

സമ്പൂർണ പാർപ്പിട ജില്ലയാകാൻ തൃശൂർ. മുഴുവനാളുകൾക്കും പാർപ്പിടമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്‍റെയും കോർപ്പറേഷന്‍റെയും ബജറ്റ് നി‍ർദ്ദേശങ്ങൾ. സന്പൂർണ വൈദ്യുതീകരണത്തിനും കുടിവെള്ള പദ്ധതികൾക്കും പുറമെ ഡിജിറ്റലൈസേഷനും പ്രാധാന്യം നൽകാനും ബജറ്റിൽ നിർദ്ദേശങ്ങളുണ്ട്.

എഴുന്നൂറ്റി പതിനഞ്ച് കോടി നാൽപത് ലക്ഷം രൂപയുടെ വരവ് കണക്കാക്കുന്ന ബജറ്റാണ് തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ വർഗ്ഗീസ് കണ്ടംകുളത്തി അവതരിപ്പിച്ചത്. ഭവന പദ്ധതികൾക്ക് പുറമെ റോഡ് വികസനവും ഡിജിറ്റലൈസേഷനും മാലിന്യ സംസ്കരണത്തിനുമാണ് പ്രത്യേക ഊന്നൽ. സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര സർക്കാരിന്‍റെയും വിവിധ പദ്ധതികളോട് ചേർന്നാണ് തൃശൂർ കോർപ്പറേഷൻ പാർപ്പിട പദ്ധതികൾക്കായി നൂറു കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.

Latest Videos

മാലിന്യപ്പറന്പായിരുന്ന ലാലൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോർട്സ് കോംപ്ലക്സ് പണിയുന്നതിനും 100 കോടി രൂപ വകയിരുത്തി. റോഡ് വികസനത്തിനും 100കോടി നീക്കിവച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികൾക്ക് 45 കോടിയാണ് മാറ്റിവച്ചിരിക്കുന്നത്. സാങ്കേതിക മുന്നേറ്റത്തിന് സാഹചര്യമൊരുക്കും. ഐടി അനുബന്ധ വികസനത്തിനായി  50 ലക്ഷം നീക്കിവച്ചു.കോർപ്പറേഷൻ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാകാൻ നിരവധി നിർദ്ദേശങ്ങളും ബജറ്റിലുണ്ട്.ചെറുകിട വൈദ്യുത പദ്ധതികൾക്ക് 20 കോടി മാറ്റിവച്ചതിനു പുറമേ കോർപ്പറേഷൻ പരിധിയിലെ വൈദുതലൈനുകൾ ഭൂമിക്കടിയിലൂടെയാക്കി മാറ്റുന്നതിനും വൈദ്യുതി വിഭാഗത്തിന് ഓഫീസ് കെട്ടിടം നിർമ്മിക്കാനും 15 കോടി വീതവും  നീക്കിവച്ചിട്ടുണ്ട്. ഹരിത സുന്ദര നഗരമാക്കാൻ അഞ്ച് കോടി.  അറുന്നൂറ്റി എഴുപതഞ്ച്  കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ജില്ലാ പഞ്ചായത്ത് ബജറ്റിലും ഭവന പദ്ധതികൾക്കായിരുന്നു ഊന്നൽ. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് പദ്ധതിയോട് ചേർന്ന് ഭവന നിർമ്മാണത്തിനായി ജില്ലാ പഞ്ചായത്ത് 12.10 കോടി മാറ്റി വച്ചു. ഗ്രാമസഭ അംഗീകരിക്കുന്ന പട്ടികയിലുള്ള മുഴുവനാളുകൾക്കും 2020ഓടെ വീട് നൽകുകയാണ് ലക്ഷ്യം. കൃഷിക്കും റോഡ് വികസനത്തിനും ജില്ലാപഞ്ചായത്ത് ബജറ്റിൽ പ്രാധാന്യം നൽകി.

click me!