അമേരിക്ക ആണവായുധ ശേഷികൂട്ടണമെന്ന് ട്രംപ്

By Web DeskFirst Published Dec 23, 2016, 1:14 AM IST
Highlights

അടുത്ത മാസം പ്രസി‍ഡന്‍റായി അധികാരമേറ്റെടുക്കാനിരിക്കേയാണ് അമേരിക്കയുടെ യുദ്ധനയം വ്യക്തമാക്കി ഡോണൾഡ് ട്രംപ് നിലപാടറിയിച്ചത്. അമേരിക്ക  ആണവായുധ ശേഷി കൂട്ടണമെന്ന് ഡോണൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. സംഭവം അന്തർദേശീയ മാധ്യങ്ങളിൽ വാർത്തയായതോടെ വിശദീകരണവുമായി ട്രംപിന്‍റെ ഓഫീസ് രംഗത്തെത്തി. തീവ്രവാദികളും മറ്റും ആണവായുധങ്ങൾ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് ട്രംപിന്‍റെ വക്താവ് ജേസൺ  മില്ലർ അറിയിച്ചു.  

ആയുധങ്ങളുടെ  നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം  ആധുനിക വത്കരണവും അമേരിക്ക ലക്ഷ്യമിടുന്നു.  ശക്തിയിലൂടെ സമാധാനം എന്നതാണ് ട്രംപിന്‍റെ വീക്ഷണമെന്നും  മില്ലർ വ്യക്തമാക്കി. എന്നാൽ പരോക്ഷമായി ട്രംപിനെ വിമർശിച്ച് ഒബാമ സർക്കാർ രംഗത്തെത്തി. ആണവായുധം കുറയ്ക്കാൻ  രാജ്യത്തിന് കഴിയുന്നതായി സർക്കാർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുചിന് മറുപടിയായാണ് ട്രംപ്  ട്വീറ്റ് ചെയ്തതെന്നും സൂചനയുണ്ട്. 2016ൽ റഷ്യ നടത്തിയ സൈനിക പദ്ധതികളെക്കുറിച്ച് വിലയിരുത്തുന്നതിനായി സൈനിക മേധാവികളുമായി പുചിൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. ആണവായുധം വഹിക്കുന്ന മിസൈലുൾപ്പെടെ ഉപയോഗിച്ച് സൈനിക ശക്തി വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് പുചിൻ സൈനിക മേധാവികളെ അറിയിച്ചിരുന്നു.  ലോകത്തുള്ള 15000ത്തോളം വരുന്ന ആണവായുധങ്ങളുടെ 90ശതമാനവും അമേരിക്കയുടെയും റഷ്യയുടെയും കൈവശമാണുളളത്.

click me!