
വാഷിങ്ടൺ: ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.
വിദേശത്തു നിന്നുള്ള അഭയാർഥികളേയും സന്ദർശകരേയും നിയന്ത്രിക്കുന്നതായിരിക്കും ട്രംപ് ഒപ്പുവെച്ച പുതിയ കുടിയേറ്റ നിയന്ത്രണ ഉത്തരവ്. ഇറാൻ, ഇറാഖ്, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
തീവ്രവാദികളായ മുസ്ലിങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്ന് ഇതേക്കുറിച്ച് പെന്‍റഗണിൽ ട്രംപ് വിശദീകരിച്ചു. അമേരിക്കയെ അംഗീകരിക്കുകയും ജനങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്കാവശ്യമുള്ളൂ. വിദേശികളായ ഭീകരരിൽ നിന്ന് അമേരിക്കയെ രക്ഷിക്കുന്നതിനാണ് ഈ ഉത്തരവെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്ക് കടുത്ത നിയന്ത്രണത്തിൽ നിന്ന് ഇളവ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ ഏകദേശം മൂന്ന് മാസത്തേക്ക് അഭയാർഥികളുടെ കുടിയേറ്റം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടിവരുമെന്നാണ് സൂചന.
ഉത്തരവ് ഉപദ്രവകരവും വിവേചന പൂർണവുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തി. നോബേൽ സമ്മാന ജേതാവായ മലാലയും ഫേസ്ബുക് സി.ഇ.ഒ സക്കർബർഗും ഇപ്പോൾ തന്നെ ബില്ലിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam