മോദിയെ അനുകരിച്ച് ട്രംപിന്‍റെ സംഭാഷണം

By Web DeskFirst Published Jan 23, 2018, 1:28 PM IST
Highlights

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്തിലുള്ള യു.എസ് നയത്തെ കുറിച്ചുള്ള സംഭാഷണ മധ്യേയാണ് മോഡി പറഞ്ഞ കാര്യങ്ങള്‍ അനുകരിക്കാന്‍ ഇന്ത്യന്‍ ശൈലിയില്‍ ട്രംപ് ഹാസ്യനുകരണം നടത്തിയത്. 'ദ വാഷിംഗ്ടണ്‍ പോസ്റ്റ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ജൂണില്‍ വൈറ്റ് ഹൗസ് സന്ദര്‍ശിച്ച വേളയില്‍ യു.എസിന്റെ അഫ്ഗാന്‍ നയത്തെ അനുകൂലിച്ച് മോഡി സംസാരിച്ചിരുന്നു. 'വളരെ കുറച്ച് മാത്രം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് മറ്റൊരു രാജ്യവും ഇതുപോലെ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു' മോഡി പറഞ്ഞത്. അഫ്ഗാനിസ്ഥാനെ യു.എസ് ചൂഷണം ചെയ്യുകയാണെന്ന ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനിടെയാണ് മോഡി യു.എസിനെ ന്യായീകരിച്ചതെന്ന് വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.  

'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞകാര്യങ്ങള്‍ ഇന്ത്യന്‍ ശൈലിയില്‍ തന്നെ ട്രംപ് അനുകരിച്ച് സംസാരിക്കുകയായിരുന്നു' എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇത് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.

ഈ റിപ്പോര്‍ട്ട് സത്യമാണെങ്കില്‍ ഇതാദ്യമായല്ല ട്രംപ് ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണശൈലിയെ അനുകരിക്കുന്നത്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപ് ഇന്ത്യന്‍ കോള്‍ സെന്റര്‍ പ്രതിനിധികളുടെ സംഭാഷണശൈലി അനുകരിച്ചിരുന്നു.

click me!