പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉത്തർപ്രദേശിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ഫോം-7 നൽകേണ്ടെമന്ന് തീരുമാനം.
ലക്ക്നൗ: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉത്തർപ്രദേശിൽ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റുമാർക്ക് ഫോം-7 നൽകേണ്ടെമന്ന് തീരുമാനം. എസ്ഐആറില് വോട്ടുകൾ നീക്കാൻ വ്യാപകമായി ഫോം-7 നൽകിയത് വലിയ വിവാദമായതിന് പിന്നാലെയാണ് തീരുമാനം. അർഹതയുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്തായവരെ തിരികെ ചേർക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നിർദ്ദേശം. വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടുകൾ ഇല്ലാതായെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. 1.65 ശതമാനം മുസ്ലീം വോട്ടുകൾ കൂടിയെന്നും യോഗി പറഞ്ഞിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കൽ മതപരമോ ജാതിപരമോ ആയ കണക്കുകളില്ലെന്നും ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരുകളും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും യു.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എസ്ആർ പരിഷ്കരണത്തിന് ഫോം-6, ഫോം-8 എന്നിവ മാത്രം ബിഎഷഎ മാർക്ക് നൽകിയാൽ മതിയെന്ന് ബിജെപി നേതൃത്വം തീരുമാനിച്ചത്.
എസ്എസ്ആറിനെ തുടർന്ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഈ മാസം 17 ലെ കണക്കനുസരിച്ച് യുപിയിലെ വോട്ടർമാരുടെ എണ്ണം 13.58 കോടിയാണ്. ഡിസംബ 16 വരെ പേരുകൾ ചേർക്കാനും അവസരമുണ്ട്. അർഹതയുണ്ടായിട്ടും പട്ടികയിൽ നിന്ന് പുറത്തായവരെ തിരികെ ചേർക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയും ബൂത്ത് തലത്തിലേക്ക് കൈമാറി. ഇന്ന് തുടങ്ങി മറ്റന്നാൽ വരെ ബിഎൽഎമാരും പാർട്ടി പ്രവത്തകരും മന്ത്രിമാരും എംഎൽഎമാരും വീടുകൾ കയറിയിറങ്ങി പട്ടിക പരിശോധിക്കുകയും അർഹരായവരെ ചേർക്കാൻ ഇടപെടുകയും ചെയ്യും. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്നാണ് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും കോൺഗ്രസിന്റെയും ആരോപണം. അടുത്ത വർഷം ജനുവരി 4-നാണ് അന്തിമപട്ടിക പ്രസിദ്ധീകരിക്കുന്നത്.
















