ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ട്രംപ്

By Web TeamFirst Published Nov 21, 2018, 11:23 AM IST
Highlights

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്

ന്യൂയോര്‍ക്ക്: ജമാൽ ഖഷോഗി വധത്തിൽ സൗദിക്ക് പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് രംഗത്തെത്തി. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെ അറിവോടെയാണ് അരും കൊല നടന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.  ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന് സൗദി അമേരിക്കയിൽ വൻ തുക നിക്ഷേപിക്കാൻ സന്നദ്ധമായ രാജ്യമാണെന്നും ട്രംപ് ഓർമ്മിപ്പിച്ചു.

അതേ സമയം  ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്‍റെ ഉത്തരവനുസരിച്ചെന്നാണ് സിഐഎ പറയുന്നത്. വാഷിംഗ്ടൺ പോസ്റ്റിന്‍റെതാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിവരങ്ങൾ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി നിഗമനത്തിലെത്തിയതെന്നാണ് റിപ്പോർട്ട്.  സൗദി രാജകുമാരന്‍റെ സഹോദരൻ ഖഷോഗിയുമായി നടത്തിയ ഒരു ഫോൺസംഭാഷണവും  അതിലുൾപ്പെടും. 

സൗദി കോൺസുലേറ്റിൽ പോയി രേഖകൾ നേരിട്ട് വാങ്ങാൻ മുഹമ്മദ് ബിൻ സൽമാന്റെ സഹോദരൻ ഖഷോഗിയോട് പറഞ്ഞതായാണ്  രേഖകൾ.  അമേരിക്കയിലെ സൗദി അംബാസിഡർ കൂടിയാണ് രാജകുമാരന്റെ സഹോദരൻ ഖാലിദ് ബിൻ സൽമാൻ.  വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് നിഷേധിച്ച് ഖാലിദ് ബിൻ സൽമാൻ ട്വീറ്റുചെയ്തു. താൻ ഖഷോഗിയുമായി സന്ദേശം കൈമാറിയത്  ഒരുവർഷം മുന്‍പാണെന്ന് അതല്ലെങ്കിൽ തെളിവുകൾ പുറത്തുവിടാൻ അമേരിക്കൻ സർക്കാർ തയ്യാറാകണമെന്നുമാണ് ട്വീറ്റ്.  

അമേരിക്കയിലെ സൗദി എംബസി വക്താവും റിപ്പോർട്ട് നിഷേധിച്ചു. ഖഷോഗി കൊല്ലപ്പെട്ടശേഷം സൗദി എംബസിയിൽ നിന്ന് രാജകുമാരന്റെ അടുത്ത സഹായിയ്ക്ക് വിവരം കൈമാറിയ ഫോൺകോളും സിഐഎ പരിശോധിച്ചു എന്നാണ് റിപ്പോർട്ട്.  മാധ്യമ റിപ്പോർട്ടിനോട് പ്രതികരിക്കാൻ സിഐഎ വൃത്തങ്ങളും തയ്യാറായിട്ടില്ല. 

ഇസ്താംബുളിലെ സൗദി എംബസിയിൽ നിന്ന് അപ്രത്യക്ഷനായ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല കൊലക്കുറ്റത്തിന് 11 പേരാണ് സൗദിയിൽ കസ്റ്റഡിയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 5 പേർക്ക് പരമാവധി ശിക്ഷ നൽകാനാണ് തീരുമാനം.

click me!