കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന് പ്രചാരണം; സത്യം ഇതാണ്

By Web DeskFirst Published May 30, 2017, 12:50 PM IST
Highlights

കുവൈറ്റ് സിറ്റി: വിസ, റെസിഡന്‍സി നിയമലംഘകര്‍ക്ക് കുവൈറ്റ് അധികൃതര്‍ പൊതുമാപ്പ് നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത് തെറ്റാണന്ന് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. എതാനും ദിവസങ്ങളായി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എംബസി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

താമസ-കുടിയേറ്റ നിയമ ലംഘകര്‍ക്ക് കുവൈറ്റ് അധികൃതര്‍ പൊതുമാപ്പ് നല്‍കിയതായുള്ള വാര്‍ത്ത വ്യാജമാണെന്നും, തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം വാര്‍ത്തകളില്‍ ഇന്ത്യന്‍ സമൂഹം ഇരകളാവരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വിശുദ്ധ മാസമായ റംസാന്‍ പ്രമാണിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വിസ, റെസിഡന്‍സി നിയമലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കിയതായിട്ടായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ പതിച്ചായിരുന്നു വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ എംബസിയില്‍ നേരിട്ടും ഫോണിലൂടെയും വിവരങ്ങള്‍ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
 
നിയമലംഘകരായ 29,000ലധികം ഇന്ത്യക്കാര്‍ കുവൈറ്റില്‍ അനധികൃതമായി തങ്ങുന്നുവെന്നാണ് കണക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉപയോഗിച്ച് ഇവര്‍ക്ക് സുരക്ഷിതമായി ഇന്ത്യയിലേക്കു മടങ്ങാന്‍ അധികൃതരുടെ സഹായം ഇന്ത്യന്‍ എംബസി തേടുന്നുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാനുള്ള കാര്യങ്ങളും എംബസി സ്വീകരിച്ച് വരുന്നുണ്ടന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

click me!